ദുബായ്: യു.എ.ഇ. സ്വദേശികളോടുള്ള ആദരസൂചകമായി 25 ലക്ഷം ദിര്‍ഹം (2.5 മില്യണ്‍) മൂല്യമുള്ള ബൃഹത്തായ സാമൂഹിക ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് എ.എം ഹെല്‍ത്ത് ഹബ്ബും ഏരീസ് ദെന്തല്‍ ക്ലിനിക്കും. സഹിഷ്ണുതയുടെയും മാനവികതയുടെയും ആഗോള മാതൃകയായ യുഎഇയുടെ വളര്‍ച്ചയ്ക്ക് സ്വദേശി സമൂഹം നല്‍കുന്ന പിന്തുണയ്ക്കും കാരുണ്യത്തിനും നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഈ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 2,500 സ്വദേശി പൗരന്മാര്‍ക്ക് 1,000 ദിര്‍ഹം വീതം മൂല്യമുള്ള വെല്‍നസ് വൗച്ചറുകള്‍ വിതരണം ചെയ്യും. ഈ വൗച്ചറുകള്‍ ഉപയോഗിച്ച് അഡ്വാന്‍സ്ഡ് ബയോളജിക്കല്‍ ദെന്തസ്ട്രി, സ്‌മൈല്‍ മേക്കോവര്‍, ഫേഷ്യല്‍ ഈസ്‌തെറ്റിക്‌സ്, ചര്‍മ്മ സംരക്ഷണം, ആന്റി-ഏജിംഗ് ട്രീറ്റ്‌മെന്റുകള്‍, കോസ്‌മെറ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള പ്രീമിയം ആരോഗ്യ-സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാകും.
മാസിന്‍സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും എഎം ഹെല്‍ത്ത് ഹബ്ബിന്റെ കോ-ഫൗണ്ടറുമായ പ്രവീണ്‍ പിള്ള, ഏരീസ് ദെന്തല്‍ ആന്‍ഡ് ഈസ്‌തെറ്റിക് ക്ലിനിക്കിന്റെയും എഎം ഹെല്‍ത്ത് ഹബ്ബിന്റെയും സ്ഥാപകയായ ഡോ. നിവേദ്യ റോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ശൈഖ് ജുമാ ബിന്‍ മക്തും അല്‍ മക്തുമിന്റെ ഓഫീസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രൈവറ്റ് അഡൈ്വസറുമായ യാക്കൂബ് അല്‍ അലി, എമിറേറ്റ്‌സ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫരീദ് ലുത്ഫി എന്നിവര്‍ യു.എ.ഇ. സ്വദേശി സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. എഎം ഹെല്‍ത്ത് ഹബ്ബിന്റെയും ഏരീസ് ക്ലിനിക്കിന്റെയും ഈ മാനുഷിക മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനത്തെ വിശിഷ്ടാതിഥികള്‍ അഭിനന്ദിച്ചു.
‘പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെയും ബിസിനസ്സ് സംരംഭങ്ങളെയും നെഞ്ചോട് ചേര്‍ത്ത യുഎഇ സ്വദേശി സമൂഹത്തോടുള്ള ഞങ്ങളുടെ ചെറിയൊരു നന്ദി പ്രകടനമാണിത്. കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായ ഈ രാജ്യത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കുമായി തിരിച്ചു നല്‍കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് പ്രവീണ്‍ പിള്ള, ഡോ. നിവേദ്യ സോഹന്‍ റോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സോഹന്‍ റോയ് പങ്കെടുത്തു.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമുള്ള എഎം ഹെല്‍ത്ത് ഹബ്ബും, ദുബായ് ജെബിആറില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏരീസ് ഡെന്റല്‍ ക്ലിനിക്കും, ‘രോഗം വരാതെ സൂക്ഷിക്കുക’ എന്ന സന്ദേശം മുന്‍നിര്‍ത്തി ഒട്ടനവധി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നുണ്ട്


