അബുദാബി, ഒക്ടോബർ 10, 2026 : ഭക്ഷ്യ–കാർഷിക മേഖലകളിൽ റെക്കോർഡ് വ്യാപാര നേട്ടവുമായി ഗ്ലോബൽ ഫുഡ് വീക്ക് 2026 സമാപിച്ചു. മൂന്ന് ദിവസത്തിനിടെ 690 കോടി ദിർഹം മൂല്യമുള്ള 97 കരാറുകളാണ് ഒപ്പുവച്ചത്. മുൻ പതിപ്പിനെ അപേക്ഷിച്ച് കരാർ മൂല്യത്തിൽ അഞ്ച് ശതമാനം വർധന രേഖപ്പെടുത്തി.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് അഡ്നെക് ഗ്രൂപ്പാണ് മേള സംഘടിപ്പിച്ചത്.
ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പിൽ 92 രാജ്യങ്ങളിൽനിന്നായി 2,580 പ്രദർശകർ പങ്കെടുത്തു. മൂന്ന് ദിവസത്തെ മേളയിലെ സന്ദർശകരുടെ എണ്ണം 47,000 കടന്നു. 2025നെ അപേക്ഷിച്ച് 17 ശതമാനമാണ് വർധന.
ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനും അവസരം
വ്യാപാരത്തിനും നിക്ഷേപത്തിനുമൊപ്പം പൊതുജനങ്ങൾക്ക് ഭക്ഷ്യ–പാനീയ ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനുള്ള അവസരവും ഇത്തവണ ഒരുക്കി. വിപുലീകരിച്ച ‘ഷോപ്പ് അറ്റ് ദ ഷോ’ വഴി പ്രാദേശികവും രാജ്യാന്തരവുമായ കമ്പനികളുടെ പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും സന്ദർശകർക്ക് കഴിഞ്ഞു.
പ്രദർശകരിൽ 67 ശതമാനം യുഎഇയിൽനിന്നും 33 ശതമാനം വിദേശത്തുനിന്നുമായിരുന്നു. പങ്കെടുത്ത കമ്പനികളിൽ 22 ശതമാനം ചെറുകിട–ഇടത്തരം സംരംഭങ്ങളാണ്. ഇവയ്ക്കും പ്രാദേശിക ഭക്ഷ്യ–പാനീയ മേഖലയ്ക്കുമായി പ്രത്യേക വിഭാഗവും സജ്ജീകരിച്ചു. രാജ്യാന്തര വാങ്ങലുകാരുമായി പ്രദർശകർക്ക് കൂടിക്കാഴ്ച നടത്താൻ ‘ഹോസ്റ്റഡ് ബയേഴ്സ് പ്രോഗ്രാമും’ സഹായിച്ചു.
ഭക്ഷ്യസുരക്ഷയും കാർഷിക സാങ്കേതികവിദ്യകളും ചർച്ചയായി
രണ്ടാമത് ഗ്ലോബൽ ഫുഡ് സെക്യൂരിറ്റി സമ്മിറ്റ്, പന്ത്രണ്ടാമത് അബുദാബി ഈന്തപ്പന പ്രദർശനം, അഗ്രിടെക് ഫോറം എന്നിവയും മേളയുടെ ഭാഗമായി നടന്നു. ഈന്തപ്പന പ്രദർശനത്തിൽ 12 രാജ്യങ്ങളിൽനിന്നുള്ള 100 പ്രദർശകരും പങ്കാളികളും എത്തി.
കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ രാജ്യാന്തര സഹകരണം അനിവാര്യമാണെന്ന് അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. താരിഖ് അഹമ്മദ് അൽ അമേരി പറഞ്ഞു. സർക്കാരുകൾ, നിക്ഷേപകർ, ഉൽപാദകർ, രാജ്യാന്തര സംഘടനകൾ എന്നിവയുടെ സഹകരണം ശക്തിപ്പെടുത്താൻ മേള സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ദിവസവും നടന്ന അഗ്രിടെക് ഫോറത്തിൽ ജലോപയോഗം കുറയ്ക്കുന്ന കൃഷിരീതികൾ, സ്വയംപ്രവർത്തിക്കുന്ന ജലസേചന സംവിധാനങ്ങൾ, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഗവേഷണം, നിർമിതബുദ്ധി അധിഷ്ഠിത ഉൽപാദനരീതികൾ എന്നിവ അവതരിപ്പിച്ചു. യുവസംരംഭകത്വത്തിനും ഗവേഷണത്തിനും അവസാന ദിവസത്തെ ചർച്ചകളിൽ പ്രാധാന്യം നൽകി.
തേനീച്ച വളർത്തലിനായി ആദ്യ പ്രത്യേക സമ്മേളനം
ആദ്യ അബുദാബി ഹണി സിംപോസിയവും ഇത്തവണ അരങ്ങേറി. രാജ്യാന്തര തേനീച്ച വളർത്തൽ സംഘടനകളുടെ കൂട്ടായ്മയായ അപിമോണ്ടിയയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.
വരണ്ട കാലാവസ്ഥയിൽ സുസ്ഥിരമായി തേനീച്ച വളർത്താനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും സഹായിക്കുന്ന സാങ്കേതികവിദ്യകളായിരുന്നു പ്രധാന ചർച്ച. വിദഗ്ധർ, ഗവേഷകർ, തേനീച്ച കർഷകർ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത സമ്മേളനം യുഎഇയിലെ തേനീച്ച വളർത്തൽ മേഖലയെ ശക്തിപ്പെടുത്താനുള്ള ശുപാർശകളും മുന്നോട്ടുവച്ചു.

The APK works flawlessly and the updates are frequent. It’s clear they care about the user experience. Give dduu1comapk a try.