ദുബായ് , ഓഗസ്റ്റ് 31 2026 : ‘നോൽ ട്രാവൽ’ കാർഡുടമകൾക്ക് കാർ വാടകയ്ക്ക് 40 ശതമാനം വരെ ഇളവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ആഗോള കാർ റെന്റൽ കമ്പനിയായ യൂറോപ്പ് കാറുമായി സഹകരിച്ചാണ് പദ്ധതി .
സെപ്റ്റംബർ 1 മുതൽ ഒരു വർഷത്തേക്കാണ് ഓഫർ ലഭിക്കുക. യുഎഇയിലും യൂറോപ്പ് കാർ സേവനം നൽകുന്ന ലോകത്തെ 140-ലേറെ രാജ്യങ്ങളിലുമുള്ള കാർ വാടകയ്ക്ക് ഈ ആനുകൂല്യം ഉപയോഗിക്കാം.
‘നോൽ ട്രാവൽ’ കാർഡുടമകൾക്ക് പൊതുഗതാഗതത്തിന് പുറമെ കൂടുതൽ സൗകര്യപ്രദമായ യാത്രാ മാർഗങ്ങൾ ലഭ്യമാക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കി ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫർ.
ദുബായ് മെട്രോ, ബസ്, ട്രാം എന്നിവയിലെ യാത്രാ നിരക്കുകൾ, പൊതു പാർക്കിങ് ഫീസ്, ടാക്സി നിരക്ക് എന്നിവ അടയ്ക്കാനും ‘നോൽ ട്രാവൽ’ കാർഡ് ഉപയോഗിക്കാം. കൂടാതെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, റീട്ടെയിൽ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയ 100-ലേറെ സ്ഥാപനങ്ങളിൽ പ്രത്യേക ഓഫറുകളും ഇളവുകളും ലഭിക്കും.
‘നോൽ പ്ലസ്’ പദ്ധതിയുമായി കാർഡ് ബന്ധിപ്പിക്കുന്നതിലൂടെ അധിക പോയിന്റുകളും റിവാർഡുകളും നേടാനാകും.
‘നോൽ ട്രാവൽ’ കാർഡിന്റെ ആനുകൂല്യങ്ങൾ കൂടുതൽ വിപുലമാക്കുന്നതാണ് പുതിയ പങ്കാളിത്തമെന്ന് RTA വ്യക്തമാക്കി.
