ദുബായ്,ഒക്ടോബർ 5, 2026 : വൈദ്യുത വാഹനങ്ങളിലെയും സുസ്ഥിര ഗതാഗതത്തിലെയും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ ദുബായ് ഇന്റർനാഷണൽ ഇലക്ട്രിക് വെഹിക്കിൾ എക്സിബിഷൻ ആൻഡ് കോൺഫറൻസ് ഒരുങ്ങുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സംഘടിപ്പിക്കുന്ന ‘ഇവി വേൾഡ് 2026’ നവംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത ഭാവിയിലേക്കുള്ള മുന്നേറ്റമാണ് ആദ്യ പതിപ്പിന്റെ പ്രമേയം.
300-ലധികം സ്ഥാപനങ്ങൾ; 70 പ്രഭാഷകർ
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നിന്നായി 300-ലധികം കമ്പനികളും അധികൃതരും സംഘടനകളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മുപ്പതിലധികം ബിസിനസ് പങ്കാളികൾ, 70 പ്രഭാഷകർ, പതിനായിരത്തിലധികം മേഖലാ വിദഗ്ധരും താൽപര്യമുള്ള സന്ദർശകരും പരിപാടിയുടെ ഭാഗമാകുമെന്നാണ് കണക്കാക്കുന്നത്.
വൈദ്യുത വാഹനങ്ങൾ, ഹൈഡ്രജൻ ഇന്ധന സെല്ലുകൾ, ബാറ്ററി മാനേജ്മെന്റ്, അതിവേഗ ചാർജിങ് സംവിധാനങ്ങൾ, ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ എന്നിവ പ്രദർശനത്തിലുണ്ടാകും. ഡ്രോണുകൾ, സ്വയംനിയന്ത്രിത ഗതാഗത സംവിധാനങ്ങൾ, നിർമിതബുദ്ധി അധിഷ്ഠിത യാത്രാ പരിഹാരങ്ങൾ എന്നിവയും അവതരിപ്പിക്കും.
നിക്ഷേപത്തിനും സഹകരണത്തിനും വേദി
കമ്പനികൾ, നിക്ഷേപകർ, സാങ്കേതികവിദ്യാ വികസന സ്ഥാപനങ്ങൾ, നയരൂപകർ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും പരിപാടിയെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. വൈദ്യുത, സ്മാർട്ട് ഗതാഗത മേഖലയിൽ പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും നൂതന സാങ്കേതികവിദ്യകളും നിക്ഷേപങ്ങളും ആകർഷിക്കാനുമാണ് ലക്ഷ്യം.
പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ചൈനയിലെ വൈദ്യുത വാഹന കൂട്ടായ്മയായ ചൈന ഇവി100-മായി സഹകരണ കരാറും ഒപ്പുവെച്ചു. ചൈനീസ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് കരാർ. ചൈന, ജർമനി, ബെൽജിയം, ഇന്ത്യ എന്നിവിടങ്ങളിൽ പ്രചാരണ സന്ദർശനങ്ങളും അന്തർദേശീയ കൂടിക്കാഴ്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.
2050-ഓടെ മലിനീകരണമില്ലാത്ത പൊതുഗതാഗതം
2050-ഓടെ പൊതുഗതാഗതത്തിൽ നിന്നുള്ള ഹരിതഗൃഹ വാതക പുറന്തള്ളൽ നെറ്റ് സീറോ നിലയിലെത്തിക്കാനുള്ള ദുബായിയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം പ്രവർത്തനങ്ങൾ. 2040-ഓടെ ടാക്സി, ലിമോസിൻ വാഹനങ്ങൾ പൂർണമായും വൈദ്യുതിയിലും ഹൈഡ്രജനിലും പ്രവർത്തിക്കുന്നവയാക്കി മാറ്റാനുള്ള പദ്ധതിയും ആർടിഎ മുന്നോട്ടുവെച്ചിട്ടുണ്ട്.
വൈദ്യുത ബസുകൾ, സ്വയംനിയന്ത്രിത വാഹനങ്ങൾ, അതിവേഗ ചാർജിങ് സൗകര്യങ്ങൾ, പരിസ്ഥിതിസൗഹൃദ ജലഗതാഗതം എന്നിവ വികസിപ്പിക്കുന്നതിനും ആർടിഎ പ്രവർത്തിക്കുന്നു. വാഹനങ്ങൾക്കൊപ്പം ഊർജം, അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയെ ബന്ധിപ്പിക്കുന്ന സമഗ്ര ഗതാഗത സംവിധാനം ഒരുക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

The withdrawal process is seamless and transparent. No hidden fees or weird delays. I trust pkroyal777 with my deposits.