ഷാർജ,സെപ്റ്റംബർ 24: ചിത്രരചനയും മൺപാത്ര നിർമാണവും മുതൽ ഫോട്ടോഗ്രഫിയും കഥപറച്ചിലും വരെ പഠിക്കാൻ അവസരമൊരുക്കി ഷാർജ ആർട്ട് ഫൗണ്ടേഷൻ. സെപ്റ്റംബർ മുതൽ നവംബർ വരെ ഷാർജയിലെ ആറ് കലാകേന്ദ്രങ്ങളിലായി വിവിധ പരിശീലന പരിപാടികൾ നടക്കും. അൽ ഹംരിയ, അൽ ദൈദ്, അൽ മദാം, ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസൻ എന്നിവിടങ്ങളിലാണ് പരിപാടികൾ. കുട്ടികൾ, കുടുംബങ്ങൾ, കൗമാരക്കാർ, മുതിർന്നവർ എന്നിവർക്ക് പങ്കെടുക്കാം. ചിത്രരചന, പെയിന്റിങ്, മൺപാത്ര നിർമാണം, തുണിക്കല, ഫോട്ടോഗ്രഫി, ശബ്ദകല, കഥപറച്ചിൽ തുടങ്ങിയവയാണ് പ്രധാന പരിശീലനങ്ങൾ. വിവിധ കലാകാരന്മാരുടെയും വിദഗ്ധരുടെയും നേതൃത്വത്തിലാണ് ക്ലാസുകൾ. ഷാർജയുടെ പ്രാദേശിക ചരിത്രവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന പരിപാടികളും ഉണ്ടാകും. അൽ ദൈദിലെ ‘സീഡ് സീസൺ’ പരിപാടിയിൽ വീട്ടുകൃഷിയിലും പൂന്തോട്ട പരിപാലനത്തിലും താൽപര്യമുള്ളവർക്ക് ചെടികളുടെ വിത്തിടലും പരിചരണവും പഠിക്കാം. അൽ ഹംരിയയിൽ കുട്ടികൾക്ക് പരമ്പരാഗത മത്സ്യബന്ധന രീതികൾ പരിചയപ്പെടാം. മത്സ്യബന്ധന ഉപകരണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കലാസൃഷ്ടികളും ഒരുക്കും. അൽ മദാമിൽ പ്രാദേശിക തുണിക്കലയും കരകൗശല പാരമ്പര്യവും പരിചയപ്പെടുത്തും. ദിബ്ബ അൽ ഹിസനിൽ പഴയകാല കഥകളും ആചാരങ്ങളും ചിത്രങ്ങളിലൂടെയും എഴുത്തിലൂടെയും രേഖപ്പെടുത്താനുള്ള അവസരവും ലഭിക്കും. മൺപാത്ര നിർമാണം, തുണിക്കല, സ്ക്രീൻ പ്രിന്റിങ്, ചിത്രരചന തുടങ്ങിയവയിൽ കൂടുതൽ ദിവസങ്ങളിലായി നടക്കുന്ന പരിശീലന കോഴ്സുകളും പരിപാടിയുടെ ഭാഗമാണ്. ഭൂരിഭാഗം പരിപാടികളും സൗജന്യമാണ്. ആവശ്യമായ സാമഗ്രികളും സംഘാടകർ നൽകും. അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് മിക്ക ക്ലാസുകളും നടക്കുക. പ്രത്യേക സഹായം ആവശ്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുമ്പോൾ അതിനുള്ള സൗകര്യവും ആവശ്യപ്പെടാം.
