ഷാർജ , സെപ്റ്റംബർ 1 2026 :പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഷാർജ പബ്ലിക് ലൈബ്രറീസ് (SPL) സെപ്റ്റംബറിൽ 24 വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, സാഹിത്യം, കല, സുസ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഷാർജ, ഖോർഫക്കാൻ, കൽബ, അൽ ദൈദ്, ദിബ്ബ അൽ ഹിസൻ, വാദി അൽ ഹിലോ എന്നീ ആറ് ലൈബ്രറി ശാഖകളിലായാണ് പരിപാടികൾ നടക്കുക. ഓരോ ശാഖയിലും നാല് പരിപാടികൾ വീതം സംഘടിപ്പിക്കും.
കുട്ടികൾ, യുവാക്കൾ, കുടുംബങ്ങൾ, മുതിർന്നവർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി വർക്ക്ഷോപ്പുകൾ, വായനാ സെഷനുകൾ, ഫീൽഡ് സന്ദർശനങ്ങൾ, ചർച്ചകൾ, കുടുംബ പരിപാടികൾ എന്നിവ ഉണ്ടാകും.
ഫോസിലുകൾ, ആനിമേഷൻ, കോഡിങ്, ഹൈഡ്രോപോണിക് കൃഷി, പാചകം, ചിത്രരചന, കഥപറച്ചിൽ തുടങ്ങിയ വിഷയങ്ങളാണ് വിവിധ ശാഖകളിലെ പരിപാടികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൽബ മാൻഗ്രൂവ് സെന്ററിലേക്കുള്ള ഫീൽഡ് സന്ദർശനവും പരിപാടിയുടെ ഭാഗമാണ്.
ക്ലാസ് മുറിക്ക് പുറത്തുള്ള പ്രായോഗിക അനുഭവങ്ങളിലൂടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലൈബ്രറികളെ വായനയ്ക്കും പുതിയ കഴിവുകൾ നേടുന്നതിനും കുടുംബങ്ങൾക്കും വിവിധ പ്രായക്കാരായ ആളുകൾക്കും ഒരുമിച്ച് പങ്കെടുക്കുന്നതിനുമുള്ള വേദികളാക്കി മാറ്റുകയാണ് പരിപാടികളുടെ ലക്ഷ്യം.
