അൽ ഐൻ,ഒക്ടോബർ 21,2026 : അൽ ഐനിലെ മൂന്ന് മേഖലകളിൽ ഒക്ടോബർ 26 മുതൽ പണമടച്ചുള്ള പൊതുപാർക്കിങ് സംവിധാനം ആരംഭിക്കുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിന് കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുപാർക്കിങ് സൗകര്യങ്ങളുടെ ഉപയോഗം ക്രമീകരിക്കുക, ഗതാഗതം സുഗമമാക്കുക, നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം എളുപ്പമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അൽ മുത്തറിദ്, സെൻട്രൽ ഡിസ്ട്രിക്ട് മേഖലകളിലായി മൂന്ന് വിഭാഗങ്ങളിലായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആകെ 1,455 പാർക്കിങ് ഇടങ്ങളുണ്ട്. നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക പാർക്കിങ് ഇടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യാ വർധനയും വാണിജ്യ, സേവന മേഖലകളുടെ വിപുലീകരണവും മൂലം അൽ ഐനിൽ പൊതുപാർക്കിങ്ങിനുള്ള ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പാർക്കിങ് സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും താമസക്കാർക്കും സന്ദർശകർക്കും ജീവനക്കാർക്കും സ്ഥാപനങ്ങളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
മണിക്കൂറിന് രണ്ട് ദിർഹം
സാധാരണ പാർക്കിങ് ഇടങ്ങൾക്ക് മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്ക്. ദർബ്, താം ആപ്പുകൾ വഴി പാർക്കിങ് ഫീസ് അടയ്ക്കാം.
വാഹനമോടിക്കുന്നവർ സ്ഥാപിച്ചിട്ടുള്ള അറിയിപ്പ് ബോർഡുകളും നിർദേശങ്ങളും പാലിക്കണമെന്നും പാർക്കിങ് ഇടങ്ങൾ നിശ്ചയിച്ച ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്നും ക്യു മൊബിലിറ്റി അറിയിച്ചു. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ബാധകമായ ഫീസ് അടയ്ക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
