ദുബായ്,സെപ്റ്റംബർ 25,2026: സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി പിങ്ക് കാരവന്റെ 2026ലെ ദേശീയ ബോധവൽക്കരണ ക്യാംപയിൻ ഒക്ടോബർ 1ന് ആരംഭിക്കും. ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ നേതൃത്വത്തിൽ യുഎഇയിലുടനീളം സൗജന്യ പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കഴിഞ്ഞ വർഷം 17,458 സ്ത്രീകളും 2,244 പുരുഷന്മാരും ഉൾപ്പെടെ 19,000ത്തിലധികം പേർക്ക് സൗജന്യ പരിശോധന ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷവും ഒക്ടോബർ മുഴുവൻ വിവിധ കേന്ദ്രങ്ങളിൽ പരിശോധനാ സൗകര്യമൊരുക്കും.
അബുദാബിയിലെ മുഷ്റിഫ് മാൾ, അൽ ഐനിലെ മാൾ ഓഫ് അൽ ഐൻ, മക്കാനി സാഖർ, ദുബായിലെ സിറ്റി വാക്, ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ദൈദ് മാൾ, ഉമ്മുൽഖുവൈനിലെ മാൾ ഓഫ് യുഎക്യു, റാസൽഖൈമയിലെ റാസൽഖൈമ മാൾ, ഫുജൈറയിലെ ലുലു മാൾ എന്നിവിടങ്ങളിലാണ് സ്ഥിരം പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഇതിന് പുറമെ മൊബൈൽ പരിശോധനാ ക്ലിനിക്കുകളും മിനി മൊബൈൽ ക്ലിനിക്കുകളും യുഎഇയിലെ വിവിധ പ്രദേശങ്ങളിലെത്തും. താമസമേഖലകൾ, വ്യാപാരകേന്ദ്രങ്ങൾ, സർവകലാശാലകൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെത്തുന്ന ക്ലിനിക്കുകളിൽ യോഗ്യതാനുസരിച്ച് സൗജന്യ സ്തനപരിശോധനയും മാമോഗ്രാം പരിശോധനയും ലഭിക്കും. ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. സ്തനാരോഗ്യം, രോഗലക്ഷണങ്ങൾ, സ്വയംപരിശോധന, കൃത്യമായ ഇടവേളകളിലുള്ള പരിശോധന എന്നിവയെക്കുറിച്ചാണ് പരിപാടികളിലൂടെ ബോധവൽക്കരണം നൽകുക.
ഷാർജ അൽജാദയിൽ ഒക്ടോബർ 2 മുതൽ 4 വരെ പിങ്ക് കാരവൻ കമ്മ്യൂണിറ്റി ഇവന്റും നടക്കും. വൈകിട്ട് 5 മുതൽ രാത്രി 11 വരെയാണ് പരിപാടി. മൊബൈൽ ക്ലിനിക്കുകളിൽ യോഗ്യരായ സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യ പരിശോധന ലഭിക്കും. ബോധവൽക്കരണ ശിൽപശാലകൾ, കുട്ടികൾക്കായുള്ള വിനോദപരിപാടികൾ, ഗെയിം മേഖലകൾ തുടങ്ങിയവയും ഒരുക്കും. നേരത്തെയുള്ള രോഗനിർണയം സ്തനാർബുദ ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രധാനമാണെന്ന് ഫ്രണ്ട്സ് ഓഫ് കാൻസർ പേഷ്യന്റ്സ് ഡയറക്ടർ ആയിഷ അൽ മുല്ല പറഞ്ഞു. പരിശോധന കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്ത്രീകളെ കൃത്യമായ പരിശോധനയ്ക്ക് പ്രോത്സാഹിപ്പിക്കണമെന്നും അവർ പറഞ്ഞു. പരിശോധനയിൽ കൂടുതൽ പരിശോധന ആവശ്യമായവരെ തുടർ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിനും സൗകര്യമുണ്ടാകും. ഒക്ടോബർ മാസത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പരിശോധനയ്ക്ക് വിധേയരാകാനും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രോത്സാഹിപ്പിക്കാനും പിങ്ക് കാരവൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
