ദുബായ്, ഒക്ടോബർ 13, 2026 : ജലസംരക്ഷണത്തെക്കുറിച്ചും ജലവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെക്കുറിച്ചും ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കാൻ യുവാക്കൾക്ക് അവസരമൊരുക്കി യുഎഇ. രാജ്യത്തെ പൗരന്മാരിലും താമസക്കാരിലും നിന്ന് 50 കണ്ടന്റ് ക്രിയേറ്റർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്ന ‘ബ്ലൂ കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാം’ പ്രഖ്യാപിച്ചു. ഒക്ടോബർ 12 മുതൽ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
നാഷണൽ മീഡിയ അതോറിറ്റി (NMA), വിദേശകാര്യ മന്ത്രാലയം, ഫെഡറൽ യൂത്ത് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ ന്യൂ മീഡിയ അക്കാദമിയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
2026 ഡിസംബർ 8 മുതൽ 10 വരെ അബുദാബിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജലസമ്മേളനത്തിന്റെ ഭാഗമായാണ് ഈ സംരംഭം. സെനഗലുമായി ചേർന്നാണ് യുഎഇ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ജലസംരക്ഷണം, പരിസ്ഥിതി സുസ്ഥിരത, ആരോഗ്യം, ഭക്ഷണം, ഊർജം, വികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം
നവംബറിൽ മൂന്നാഴ്ച നീളുന്ന പരിശീലനമാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക. സ്റ്റോറിടെല്ലിങ്, വീഡിയോ പ്രൊഡക്ഷൻ, ഡിജിറ്റൽ പബ്ലിഷിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളുടെ ഉപയോഗം, ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ പരിശീലനം നൽകും.
പരിശീലനം പൂർത്തിയാക്കുന്നവർ ഡിസംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജലസമ്മേളനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കും.
ആർക്കൊക്കെ അപേക്ഷിക്കാം?
18 മുതൽ 35 വയസ്സുവരെയുള്ള യുഎഇ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അപേക്ഷിക്കാം. കണ്ടന്റ് ക്രിയേഷൻ, മാധ്യമപ്രവർത്തനം, പരിസ്ഥിതി, ജലസംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്കാണ് അവസരം.
പരിശീലനത്തിൽ പങ്കെടുക്കാൻ സമയം കണ്ടെത്താൻ കഴിയുന്നവരായിരിക്കണം അപേക്ഷകർ. യോഗ്യത, കഴിവുകൾ, പദ്ധതിയിൽ പങ്കെടുക്കാനുള്ള താൽപര്യം എന്നിവ വിലയിരുത്തിയാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളിലേക്ക് ലളിതമായും ആകർഷകമായും എത്തിക്കാൻ യുവാക്കളെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 30, 2026
താൽപര്യമുള്ളവർക്ക് ന്യൂ മീഡിയ അക്കാദമിയുടെ ഓൺലൈൻ അപേക്ഷാ ഫോമിലൂടെ രജിസ്റ്റർ ചെയ്യാം.
അപേക്ഷാ ലിങ്ക്: https://newmediaacademy.jotform.com/262791327482060
