ദുബായ് ,ഓഗസ്റ്റ് 31 2026 : ദുബായിലെ റോഡ് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാൻ അൽ മൈദാൻ സ്ട്രീറ്റ് വികസന പദ്ധതിക്ക് 1.161 ബില്യൺ ദിർഹത്തിന്റെ രണ്ട് കരാറുകൾ നൽകി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . നഗരത്തിലെ പ്രധാന ഗതാഗത ഇടനാഴികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിർമാണം 2028 അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖൈൽ റോഡിനും സമാന്തരമായി പ്രവർത്തിക്കുന്ന പ്രധാന പിന്തുണാ ഇടനാഴിയായി അൽ മൈദാൻ സ്ട്രീറ്റിനെ വികസിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അൽ മനാമ സ്ട്രീറ്റിൽ നിന്നും ദുബായ് –അൽ ഐൻ റോഡിൽ നിന്നും ഉമ്മു സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 30 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കുറയും. ഇതിലൂടെ യാത്രാസമയത്തിൽ 66 ശതമാനം കുറവുണ്ടാകും.
പദ്ധതിയുടെ ഭാഗമായി 3,700 മീറ്റർ നീളമുള്ള പാലങ്ങളും 17 കിലോമീറ്റർ റോഡുകളും നിർമിക്കും. നിലവിലുള്ള സൈക്കിൾ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സൈക്കിൾ ട്രാക്കുകളും അണ്ടർപാസുകളും ഒരുക്കും.
500,000ത്തിലധികം ജനസംഖ്യയുള്ള വിവിധ താമസ, വികസന മേഖലകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ദുബായ് ഹിൽസ്, നാദ് അൽ ഷിബ, മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസ്, ദുബൈ ഡിസ്ട്രിക്ട് വൺ, അൽ ബറാരി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഗതാഗത ബന്ധം ശക്തമാകും.
പദ്ധതി രണ്ട് കരാറുകളായാണ് നടപ്പാക്കുന്നത്. ആദ്യ കരാറിൽ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ നിന്ന് ഉമ്മു സുഖീം സ്ട്രീറ്റിലേക്കുള്ള റോഡ് വികസനവും ദുബായ് ഹിൽസിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള അൽ മറാബിഅ സ്ട്രീറ്റ് വികസനവും ഉൾപ്പെടുന്നു. രണ്ടാമത്തെ കരാറിൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിൽ നിന്ന് മസ്കത്ത് സ്ട്രീറ്റിലേക്കുള്ള അൽ മൈദാൻ സ്ട്രീറ്റ് വികസനമാണ് ഉൾപ്പെടുന്നത്.
