ഷാർജ,ഒക്ടോബർ 16,2026 : 2026ലെ ആദ്യ ഒൻപത് മാസത്തിനിടെ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 46.8 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ നടന്നതായി ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം (SIF 2026) അറിയിച്ചു. ഇതേ കാലയളവിൽ 130-ലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം 10,000 പുതിയ നിക്ഷേപകരാണ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് എത്തിയത്. ഷാർജയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ ആകർഷണീയത വർധിക്കുന്നതിൽ 8 മുതൽ 12 ശതമാനം വരെയുള്ള വാടക വരുമാന നിരക്കും പ്രധാന ഘടകമാണെന്ന് ഫോറത്തിലെ ചർച്ചയിൽ വ്യവസായ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടി.
ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾക്ക് ആവശ്യക്കാർ കൂടുന്നു ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ ഒൻപതാം പതിപ്പിൽ നടന്ന ‘റിയൽ എസ്റ്റേറ്റ് ആസ് ആൻ ഇക്കണോമിക് എൻജിൻ’ എന്ന പാനൽ ചർച്ചയിലാണ് മേഖലയിലെ പുതിയ പ്രവണതകൾ വിശദീകരിച്ചത്. ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾ, സംയോജിത റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ, ദീർഘകാല വാടക വരുമാനം എന്നിവയോടുള്ള നിക്ഷേപകരുടെ താൽപര്യം വർധിച്ചുവരുന്നതായി വിദഗ്ധർ പറഞ്ഞു. അതേസമയം, മികച്ച നിർമ്മാണ നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, വ്യക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും എന്നിവ നിക്ഷേപകരുടെ വിശ്വാസം നിലനിർത്തുന്നതിൽ നിർണായകമാണെന്നും അവർ വ്യക്തമാക്കി. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ട്സ് റെഗുലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഒബൈദ് അബ്ദുൽറഹ്മാൻ അൽ മദ്ലൂം പറഞ്ഞു, നിക്ഷേപകർ സാമ്പത്തിക നേട്ടം നോക്കുന്നതിന് മുമ്പ് സുരക്ഷ, സ്ഥിരത, വ്യക്തമായ നിയമസംവിധാനം എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നതെന്ന്.
റിയൽ എസ്റ്റേറ്റ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അഖാരി (Aqari) പ്ലാറ്റ്ഫോമിനും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രോജക്ട് രജിസ്ട്രേഷൻ, പ്രാഥമിക വിൽപ്പന കരാറുകൾ, റീസെയിൽ, എസ്ക്രോ അക്കൗണ്ട് സേവനങ്ങൾ തുടങ്ങിയവ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരമായി പ്രസിദ്ധീകരിക്കുന്നതും നിക്ഷേപകരെ കൂടുതൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാടക ഉയരുന്നു; വീടുകൾ വാങ്ങാനുള്ള താൽപര്യവും വർധിക്കുന്നു
അൽ തുരയ്യ പ്രോപ്പർട്ടീസിന്റെ വൈസ് ചെയർമാൻ എൻജിനീയർ റെയ്മണ്ട് ഖൗസാമി പറയുന്നതനുസരിച്ച്, ഷാർജയിലെ വാടക നിരക്കുകളിലെ വർധനയും നഗരത്തിന്റെ സാമ്പത്തിക വളർച്ചയും കൂടുതൽ ആളുകളെ വീട് വാങ്ങുന്നതിലേക്ക് ആകർഷിക്കുന്നുണ്ട്.
വർഷംതോറും വാടക നൽകുന്നതിന് പകരം സ്വന്തമായി വീട് വാങ്ങാൻ ചില വാടകക്കാർ താൽപര്യപ്പെടുന്നു. അതേസമയം, ഹ്രസ്വകാല ലാഭത്തിനായി പ്രോപ്പർട്ടി വിൽക്കുന്നതിനേക്കാൾ ദീർഘകാലം കൈവശം വച്ച് വാടക വരുമാനം നേടാനാണ് ചില നിക്ഷേപകർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ വാടക വരുമാന നിരക്ക് 8 മുതൽ 12 ശതമാനം വരെ ആണെന്നും ഇത് നിക്ഷേപകർക്ക് ആകർഷകമായ അവസരമാണെന്നും ഖൗസാമി വിലയിരുത്തി. വാങ്ങുന്നവർ ഇപ്പോൾ കെട്ടിടത്തിന്റെ പുറംഭംഗി മാത്രമല്ല, ഫിനിഷിങ് നിലവാരം, ഇന്റീരിയർ ഡിസൈൻ, സ്ഥലവിന്യാസം, പരിപാലനം, വിൽപ്പനാനന്തര സേവനം എന്നിവയും കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾക്ക് അനുയോജ്യമായ വലിയ അപ്പാർട്ട്മെന്റുകൾക്കും ആവശ്യകത വർധിക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപം വർധിപ്പിക്കുന്നു
ഷാർജയിലെ പുതിയ ഡെവലപ്മെന്റ് കമ്പനികളുടെ പ്രവേശനം വിപണിയിലെ മത്സരം വർധിപ്പിക്കുകയും ഡെവലപ്പർമാരെ കൂടുതൽ മികച്ച പദ്ധതികൾ അവതരിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി ഖൗസാമി പറഞ്ഞു. റോഡുകളും പാലങ്ങളും, സ്കൂളുകൾ, കമ്മ്യൂണിറ്റി സൗകര്യങ്ങൾ, സാമ്പത്തിക മേഖലകൾ എന്നിവയുടെ വികസനം പുതിയ റെസിഡൻഷ്യൽ മേഖലകളുടെ ആകർഷണം വർധിപ്പിക്കുന്നുണ്ട്. താമസക്കാർക്ക് വീടിന്റെ വില മാത്രമല്ല, പ്രദേശത്തിന്റെ സൗകര്യങ്ങൾ, ഗതാഗത ലഭ്യത, ചുറ്റുപാടിന്റെ നിലവാരം, ലഭ്യമായ സേവനങ്ങൾ എന്നിവയും ഇപ്പോൾ പ്രധാന പരിഗണനകളാണ്.
താമസക്കാരുടെ ജീവിത നിലവാരത്തിനും പ്രാധാന്യം ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയായ ഷുറൂഖിന്റെ ചീഫ് റിയൽ എസ്റ്റേറ്റ് ഓഫീസർ യൂസിഫ് അഹമ്മദ് അൽ മുതവ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിജയത്തെ വിലയിരുത്തുന്ന രീതിയിലും മാറ്റമുണ്ടായതായി പറഞ്ഞു. മുമ്പ് ഒരു പദ്ധതിയുടെ വിജയം വിൽപ്പനയുടെ വേഗതയും വിറ്റഴിച്ച യൂണിറ്റുകളുടെ എണ്ണവും അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ താമസക്കാർ പദ്ധതിയിൽ താമസം ആരംഭിച്ചതിന് ശേഷമുള്ള അനുഭവവും ജീവിത നിലവാരവും കൂടുതൽ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. താമസക്കാർക്ക് ആവശ്യമായ ദൈനംദിന സൗകര്യങ്ങൾ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിൽ തന്നെ ഒരുക്കുക, യാത്രയുടെ ആവശ്യം കുറയ്ക്കുക, ജീവിതച്ചെലവ് നിയന്ത്രിക്കാൻ സഹായിക്കുക, പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഷുറൂഖ് പ്രാധാന്യം നൽകുന്നുണ്ട്. ഷാർജ സസ്റ്റെയിനബിൾ സിറ്റി, മറിയം ഐലൻഡ്, ഖോർഫക്കാനിലെ അജ്വാൻ എന്നിവ ഷുറൂഖിന്റെ വിവിധ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ ഉൾപ്പെടുന്നു. ഷാർജയിലെ വിവിധ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ നൽകുന്നതായി ഫോറത്തിൽ വിലയിരുത്തി. വികസിത റെസിഡൻഷ്യൽ മേഖലകൾക്ക് പുറമെ പുതിയ കമ്മ്യൂണിറ്റികളും തീരദേശ കേന്ദ്രങ്ങളും വീട് വാങ്ങുന്നവരെയും ഹോളിഡേ ഹോം നിക്ഷേപകരെയും ആകർഷിക്കുന്നുണ്ട്. ‘ബിൽഡിംഗ് അഡാപ്റ്റീവ് ഇക്കണോമീസ്’ എന്ന പ്രമേയത്തിലാണ് SIF 2026 നടക്കുന്നത്. ഷാർജ എഫ്ഡിഐ ഓഫീസ് ‘ഇൻവെസ്റ്റ് ഇൻ ഷാർജ’, യുഎഇ നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. നിക്ഷേപ അവസരങ്ങൾ, സാമ്പത്തിക പ്രതിരോധശേഷി, സുസ്ഥിര വളർച്ച എന്നിവയെക്കുറിച്ച് ബിസിനസ് നേതാക്കളും നിക്ഷേപകരും നയരൂപീകരകരും ഫോറത്തിൽ ചർച്ച ചെയ്യുന്നു.
