ഷാർജ , ഓഗസ്റ്റ് 31 2026 : അറബി കൃതികളുടെ വിദേശ ഭാഷാ വിവർത്തനങ്ങൾക്ക് ഷാർജ ബുക്ക് അതോറിറ്റി ഏർപ്പെടുത്തിയ തുർജുമാൻ അവാർഡിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. 14 ലക്ഷം ദിർഹമാണ് പുരസ്കാരത്തുക. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
2016 മുതൽ 2026 വരെ ലോകത്തിന്റെ ഏത് ഭാഗത്തും ഏതെങ്കിലും ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച അറബി കൃതികളുടെ വിവർത്തനങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. അറബ്, ഇസ്ലാമിക നാഗരികതകളുമായി ബന്ധപ്പെട്ടതോ അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതോ ആയ ബൗദ്ധിക, സാംസ്കാരിക, സർഗാത്മക മേഖലകളിലെ കൃതികൾക്ക് അപേക്ഷിക്കാം.
അറബി പുസ്തകങ്ങൾക്ക് ആഗോള പ്രസാധക വിപണിയിൽ കൂടുതൽ പ്രചാരം നൽകുകയും പുതിയ ഭാഷകളിലേക്ക് വിവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം. വിവർത്തനം ചെയ്ത കൃതിയെയും അതിന്റെ യഥാർഥ അറബി കൃതിയെയും ഒരേസമയം ആദരിക്കുന്ന ലോകത്തിലെ ആദ്യ പുരസ്കാരമാണിതെന്നും ഷാർജ ബുക്ക് അതോറിറ്റി വ്യക്തമാക്കി.
അറബി പുസ്തകങ്ങൾക്ക് അറബ് സംസ്കാരവും ലോകവും തമ്മിലുള്ള ബന്ധത്തിൽ സജീവമായ പങ്ക് നൽകാൻ തുർജുമാൻ അവാർഡിന് കഴിഞ്ഞതായി ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. യഥാർഥ അറബി കൃതിയുടെ പ്രാധാന്യവും വിവർത്തനത്തിന്റെ നിലവാരവും ഒരുപോലെ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
