ദുബായ് ,സെപ്റ്റംബർ 3,2026 : യുഎഇ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യൂണിയൻ കോപ്പിൽ എമിറാത്തി ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചു.
2026 ജൂൺ അവസാനത്തെ കണക്കനുസരിച്ച് സ്ഥാപനത്തിലെ സ്വദേശിവൽക്കരണ നിരക്ക് 36 ശതമാനമായി.
യൂണിയൻ കോപ്പിന്റെ വിവിധ വിഭാഗങ്ങളിലും ദുബായിലെ ശാഖകളിലുമായി എമിറാത്തി ജീവനക്കാരുടെ പങ്കാളിത്തം ശക്തമാക്കുന്നതിനാണ് ശ്രദ്ധ നൽകുന്നതെന്ന് സിഇഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.
194 ജീവനക്കാർ ആൾട്ടർനേറ്റീവ് നാഷനൽ സർവീസ് പ്രോഗ്രാമിന്റെ പ്രയോജനം നേടിയതായും അദ്ദേഹം അറിയിച്ചു.
യുഎഇ പൗരന്മാർക്ക് സ്ഥിരതയുള്ള തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം ആവശ്യമായ നൈപുണ്യവും പ്രായോഗിക പരിചയവും നൽകുകയാണ് ലക്ഷ്യം.
എമിറാത്തി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും മാനേജ്മെന്റ്, നേതൃത്വ, വിദഗ്ധ മേഖലകളിൽ ഉയരാനുള്ള അവസരങ്ങൾ ഒരുക്കുകയാണെന്നും അൽ ഹാഷിമി വ്യക്തമാക്കി. സ്റ്റോർ മാനേജ്മെന്റ്, സപ്ലൈ ചെയിൻ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇൻ-സ്റ്റോർ ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിലേക്ക് സ്വദേശികളെ കൂടുതൽ എത്തിക്കാനും പദ്ധതിയുണ്ട്.
സ്വദേശിവൽക്കരണ നിരക്ക് ഘട്ടംഘട്ടമായി ഉയർത്തുന്നതിനൊപ്പം തൊഴിൽ അവസരങ്ങളുടെ ഗുണനിലവാരവും ദീർഘകാല കരിയർ വളർച്ചയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.
