ഷാർജ,സെപ്റ്റംബർ 3,2026 : ഷാർജ മീഡിയ സിറ്റി (ഷംസ്) വിവിധ ബിസിനസ് മേഖലകളിൽ മികച്ച വളർച്ച രേഖപ്പെടുത്തി. 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം മീഡിയ പാക്കേജ്, മാനേജ്മെന്റ് കൺസൽട്ടൻസി, ഇ–കൊമേഴ്സ് മേഖലകളിലാണ് 10 ശതമാനത്തിലേറെ വളർച്ച ഉണ്ടായത്.
മീഡിയ പാക്കേജിൽ 11.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും കണ്ടന്റ് നിർമാണത്തിലും ഉപയോഗത്തിലുമുണ്ടായ മാറ്റങ്ങളുമാണ് മീഡിയ, ക്രിയേറ്റീവ് മേഖലകളിലെ ആവശ്യകത ഉയരാൻ പ്രധാന കാരണം.
മാനേജ്മെന്റ് കൺസൽട്ടൻസി മേഖലയിൽ 10.9 ശതമാനം വളർച്ചയുണ്ടായി. ബിസിനസ് വികസനം, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തൽ, മാറുന്ന വിപണി സാഹചര്യങ്ങളോട് പൊരുത്തപ്പെടൽ തുടങ്ങിയ ആവശ്യങ്ങൾക്കായി കമ്പനികളും സംരംഭകരും വിദഗ്ധ സേവനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിന്റെ സൂചനയാണിത്.
ഇ–കൊമേഴ്സ് മേഖലയിലെ മെയിൽ ഓർഡർ, ഓൺലൈൻ വിൽപന പ്രവർത്തനങ്ങളിലും 10.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താനും പുതിയ വിപണികളിലേക്ക് വ്യാപിക്കാനും ഡിജിറ്റൽ ചാനലുകളെ കമ്പനികൾ കൂടുതലായി ആശ്രയിക്കുന്നതായി ഷംസ് വിലയിരുത്തി.
വിവിധ മേഖലകളിലെ വളർച്ച കൂടുതൽ വഴക്കമുള്ളതും ഡിജിറ്റൽ അധിഷ്ഠിതവുമായ ബിസിനസ് മാതൃകകളിലേക്കുള്ള മാറ്റമാണ് വ്യക്തമാക്കുന്നതെന്ന്
ഷാർജ മീഡിയ സിറ്റി ഓപ്പറേഷൻസ് ഡയറക്ടർ റാഷിദ് സാഹൂ പറഞ്ഞു,
സംരംഭകർക്കും കമ്പനികൾക്കും ബിസിനസ് ആരംഭിക്കാനും വികസിപ്പിക്കാനും വിപുലീകരിക്കാനും സഹായിക്കുന്ന സമഗ്രമായ സേവന സംവിധാനങ്ങൾ ഒരുക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇ–കൊമേഴ്സ്, മീഡിയ, കൺസൽട്ടൻസി മേഖലകളിലെ മുന്നേറ്റം ഷാർജയിലെ ഡിജിറ്റൽ, ക്രിയേറ്റീവ് സമ്പദ്വ്യവസ്ഥയിലെ അവസരങ്ങളുടെ വൈവിധ്യവും വ്യക്തമാക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്, മൊത്തവ്യാപാരം തുടങ്ങിയ മേഖലകളിലും ആവശ്യകത വർധിക്കുന്നതായി ഷംസ് അറിയിച്ചു.
സംരംഭകർക്കും നിക്ഷേപകർക്കും അനുയോജ്യമായ സൗകര്യപ്രദമായ ബിസിനസ് അന്തരീക്ഷം ഒരുക്കുന്നതിലൂടെ ഷാർജയുടെ ഡിജിറ്റൽ, ക്രിയേറ്റീവ് സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് കൂടുതൽ പിന്തുണ നൽകുകയാണ് ഷംസ് ലക്ഷ്യമിടുന്നത്.
