ദുബായ് , ഓഗസ്റ്റ് 31 2026 : സെപ്റ്റംബറിൽ വിവിധ മേഖലകളിലായി 14 പ്രമുഖ അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും വേദിയൊരുക്കി ദുബായ് വേൾഡ് ട്രേഡ് സെന്റർ (DWTC). ഊർജം, നിക്ഷേപം, ആരോഗ്യം, ടൂറിസം, ധനകാര്യം, സൈബർ സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പരിപാടികളാണ് നടക്കുക.
സെപ്റ്റംബർ 1 മുതൽ 3 വരെ മിഡിൽ ഈസ്റ്റ് എനർജി പ്രദർശനം നടക്കും. 150-ലേറെ രാജ്യങ്ങളിൽ നിന്നായി 1,900-ലധികം പ്രദർശകരും 35,000 സന്ദർശകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
സെപ്റ്റംബർ 7 മുതൽ 9 വരെ ഇന്റർനാഷണൽ പ്രോപ്പർട്ടി ഷോയും AIM കോൺഗ്രസും നടക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖരെയും നിക്ഷേപകരെയും പ്രോപ്പർട്ടി ഷോയിൽ ഒരുമിപ്പിക്കും. ആഗോള നിക്ഷേപ സാധ്യതകളാണ് AIM കോൺഗ്രസിന്റെ പ്രധാന വിഷയം.
സെപ്റ്റംബർ 8 മുതൽ 10 വരെ ദുബായ് ഡെർമ സമ്മേളനവും പ്രദർശനവും നടക്കും. 25,000-ത്തിലധികം സന്ദർശകരും 500-ലേറെ സ്പീക്കർമാരും പങ്കെടുക്കും.
ക്രിപ്റ്റോ എക്സ്പോ സെപ്റ്റംബർ 9, 10 തീയതികളിലും അറേബ്യൻ ട്രാവൽ മാർക്കറ്റ് 14 മുതൽ 17 വരെ തീയതികളിലും നടക്കും.
സെപ്റ്റംബർ 16 മുതൽ 18 വരെ ദുബായ് എക്സിബിഷൻ സെന്ററിൽ ജൈസെക് ഗ്ലോബൽ നടക്കും. സൈബർ സുരക്ഷാ രംഗത്തെ പ്രമുഖരായ 25,000-ത്തിലധികം പ്രൊഫഷണലുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോറെക്സ് എക്സ്പോ 22, 23 തീയതികളിലും. സീംലെസ് മിഡിൽ ഈസ്റ്റ് 22 മുതൽ 24 വരെ തീയതികളിലും നടക്കും. ഡിജിറ്റൽ പേയ്മെന്റുകൾ, ബാങ്കിങ്, ഇ-കൊമേഴ്സ്, ഫിൻടെക് തുടങ്ങിയ മേഖലകൾക്ക് ഇവ പ്രധാന വേദിയാകും.
