ദുബായ്,സെപ്റ്റംബർ 1,2026: പ്രളയത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്ന നേപ്പാളിലെ ജനങ്ങൾക്ക് സഹായവുമായി യുഎഇയുടെ രണ്ടാമത്തെ ദുരിതാശ്വാസ വിമാനം എത്തി. യുഎഇ എയ്ഡ് ഏജൻസി മുഖേന എത്തിയ വിമാനത്തിൽ 45 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണുള്ളത്.
ഭക്ഷ്യവസ്തുക്കൾ, ദുരിതാശ്വാസ സാമഗ്രികൾ, വൈദ്യുതി ജനറേറ്ററുകൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളാണ് നേപ്പാളിലെത്തിച്ചത്. ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുകയാണ് ലക്ഷ്യം.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നേപ്പാളിന് ഒരു കോടി ഡോളറിന്റെ സഹായം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ.
കഴിഞ്ഞ ഓഗസ്റ്റിൽ യുഎഇയുടെ ആദ്യ ദുരിതാശ്വാസ വിമാനം നേപ്പാളിലെത്തിയിരുന്നു. പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാനുള്ള യുഎഇയുടെ മാനുഷിക നിലപാടിന്റെ ഭാഗമായാണ് തുടർ സഹായം എത്തിക്കുന്നത്.
