ദുബായ്,സെപ്റ്റംബർ 1,2026: വിദ്യാർഥികളുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം പുതിയ റോഡ് സുരക്ഷാ ക്യാമ്പയിൻ ആരംഭിച്ചു. ‘നമ്മുടെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ റോഡ്’ എന്ന പേരിലാണ് ക്യാമ്പയിൻ.
വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ ബസ് ഡ്രൈവർമാർ, സൂപ്പർവൈസർമാർ എന്നിവരെ ലക്ഷ്യമിട്ടാണ് ബോധവത്കരണ പരിപാടി. സ്കൂൾ ബസിൽ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ, ബസിൽ കയറുന്നതും ഇറങ്ങുന്നതും, സ്കൂൾ പരിസരങ്ങളിലെ സുരക്ഷ എന്നിവയെക്കുറിച്ച് നിർദേശങ്ങൾ നൽകും.
ബസ് എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് വിദ്യാർഥികൾ ബസ് സ്റ്റോപ്പിൽ എത്തണം. യാത്രയ്ക്കിടെ ഡ്രൈവറുടെ ശ്രദ്ധ തിരിക്കരുത്. ബസിൽ നിന്ന് ഇറങ്ങിയ ശേഷം ഡ്രൈവറുടെ കാഴ്ചയിൽ തുടരാൻ കുറഞ്ഞത് 10 ചുവട് അകലെ മാറിനിൽക്കണമെന്നും നിർദേശമുണ്ട്.
രക്ഷിതാക്കൾ കുട്ടികളെ ബസ് സ്റ്റോപ്പിൽ എത്തിക്കുകയും സ്കൂൾ അധികൃതർ സുരക്ഷിതമായ കയറാനും ഇറങ്ങാനുമുള്ള സ്ഥലങ്ങൾ ഒരുക്കുകയും വേണം.
സ്കൂൾ ബസിന്റെ ‘Stop’ അടയാളം തെളിഞ്ഞാൽ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ പൂർണമായി നിർത്തണം.
നിയമം ലംഘിക്കുന്ന ഡ്രൈവർക്ക് 1,000 ദിർഹം പിഴയും 10 ട്രാഫിക് പോയിന്റും ലഭിക്കും.
‘Stop’ അടയാളം ഉപയോഗിക്കാത്ത സ്കൂൾ ബസ് ഡ്രൈവർക്ക് 500 ദിർഹം പിഴയും ആറ് ട്രാഫിക് പോയിന്റും ചുമത്തും.
