ദുബായ്, സെപ്റ്റംബർ 1, 2026 : ദുബായിലെ 14,000ത്തിലധികം കമ്പനികൾക്ക് ഏജന്റിക് എഐ പരിശീലനം നൽകാൻ ദുബായ് ചേംബർ ഓഫ് കൊമേഴ്സ്.
സ്വകാര്യ മേഖലയെ പുതിയ എഐ സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി ആരംഭിച്ചത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി.
ദുബായ് ചേംബേഴ്സ് അക്കാദമി വഴിയാണ് പരിശീലനം നൽകുന്നത്. ബിസിനസിൽ ഏജന്റിക് എഐ എങ്ങനെ ഉപയോഗിക്കാം, പ്രവർത്തനങ്ങൾ എങ്ങനെ വേഗത്തിലാക്കാം, ഉൽപ്പാദനക്ഷമതയും തീരുമാനമെടുക്കലും എങ്ങനെ മെച്ചപ്പെടുത്താം തുടങ്ങിയ കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക.
കമ്പനികൾക്ക് പുതിയ എഐ ടൂളുകളും പരിചയപ്പെടുത്തും. എഐയുടെ സാധ്യതകൾ പ്രായോഗികമായി ബിസിനസ് വളർച്ചയ്ക്കായി ഉപയോഗിക്കാൻ കമ്പനികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ഏജന്റിക് എഐ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പിന്തുണ നൽകുക, ഇൻക്യുബേറ്ററുകൾ സ്ഥാപിക്കുക, അറിവും പരിശീലനവും പങ്കുവെക്കുക തുടങ്ങിയ പദ്ധതികളും ദുബായ് ചേംബർ നടപ്പാക്കും.
ഭാവിയിലെ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ദുബായിലെ സ്വകാര്യ മേഖലയുടെ മത്സരശേഷി ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
