ദുബായ് ,സെപ്റ്റംബർ 2 2026 : ഗ്ലോബൽ എനർജി എഫിഷ്യൻസി അലയൻസിന്റെ (GEEA) ആദ്യ എക്സിക്യൂട്ടീവ് ടെക്നിക്കൽ റൗണ്ട് ടേബിൾ ദുബായിൽ നടന്നു.
മിഡിൽ ഈസ്റ്റ് എനർജി 2026ന്റെ ഭാഗമായി നടന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ, ധനകാര്യ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഊർജകാര്യക്ഷമത സംബന്ധിച്ച പദ്ധതികൾ പ്രായോഗികമായി നടപ്പാക്കുന്നതും കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതുമായിരുന്നു പ്രധാന ചർച്ച. പുതിയ സാങ്കേതികവിദ്യകൾ, പൈലറ്റ് പദ്ധതികൾ, നിക്ഷേപ സാധ്യതകൾ, സർക്കാർ-സ്വകാര്യ മേഖല സഹകരണം എന്നിവയും ചർച്ചയായി.
ഊർജകാര്യക്ഷമത ഊർജ ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ഊർജസുരക്ഷയും സാമ്പത്തിക വളർച്ചയും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി യുഎഇ ഊർജ-പെട്രോളിയം കാര്യ അണ്ടർസെക്രട്ടറി ഷരീഫ് അൽ ഒലാമ പറഞ്ഞു.
ആവശ്യമായ സാങ്കേതിക പരിഹാരങ്ങൾ നൽകുന്ന കമ്പനികളെയും പദ്ധതികൾക്ക് ആവശ്യമായ നിക്ഷേപം ഒരുക്കുന്ന ധനകാര്യ സ്ഥാപനങ്ങളെയും സർക്കാരുകളുമായി ബന്ധിപ്പിക്കുകയാണ് GEEAയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഊർജകാര്യക്ഷമത സംബന്ധിച്ച ആഗോള പ്രതിബദ്ധതകൾ പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിനാണ് യുഎഇ ഊർജ-ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള GEEA പ്രവർത്തിക്കുന്നത്.
സാങ്കേതികവിദ്യ, ധനസഹായം, പരിശീലനം, നയരൂപീകരണം എന്നിവയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും സഖ്യം ലക്ഷ്യമിടുന്നു. പദ്ധതികൾ പരീക്ഷിച്ച് വിജയകരമായ മാതൃകകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും യോഗം പരിശോധിച്ചു.
