ദുബായ് ,സെപ്റ്റംബർ 2 2026 : ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡിന്റെ 29-ാം പതിപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് 46 രാജ്യങ്ങളിൽ നിന്നുള്ള 424 മത്സരാർഥികൾ യോഗ്യത നേടി. സെപ്റ്റംബർ 1 മുതൽ 14 വരെയാണ് രണ്ടാംഘട്ട മത്സരങ്ങളും വിലയിരുത്തലും നടക്കുന്നത്.
16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തിൽ 321 പേരും 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ 103 പേരുമാണ് രണ്ടാം ഘട്ടത്തിലെത്തിയത്. ഇതിൽ 53 ആൺകുട്ടികളും 50 പെൺകുട്ടികളുമുണ്ട്.
2027ലെ പുരസ്കാരത്തിനായി ഇത്തവണ റെക്കോർഡ് പങ്കാളിത്തമാണ് ലഭിച്ചത്. 135 രാജ്യങ്ങളിൽ നിന്നായി
20,535 പേരാണ് മത്സരത്തിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നാണ് രണ്ടാം ഘട്ടത്തിലേക്ക് 424 പേരെ തിരഞ്ഞെടുത്തത്.
ആദ്യഘട്ടത്തിൽ മികച്ച ശബ്ദവും പാരായണ മികവും തജ്വീദ് പരിജ്ഞാനവും പ്രകടിപ്പിച്ച നിരവധി പ്രതിഭകളെ
കണ്ടെത്താനായെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറലും ഖുർആൻ അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അഹമ്മദ് ദർവീഷ് അൽ മുഹൈരി പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ മത്സരാർഥികളുടെ ശബ്ദത്തിന്റെ മികവ്, പാരായണരീതി, തജ്വീദ് എന്നിവ വിശദമായി വിലയിരുത്തും. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നവരെ തിരഞ്ഞെടുക്കുക.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഖുർആൻ പാരായണ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കുന്നതിലൂടെ സഹിഷ്ണുത, മിതത്വം, ഇസ്ലാമിക മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ലോകത്തെ പ്രമുഖ ഖുർആൻ പുരസ്കാരങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ്, ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മികച്ച പാരായണ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള വേദി കൂടിയാണ് .
