ദുബായ്, സെപ്റ്റംബർ 2,2026 : ആഗോള ഫാഷൻ രംഗത്തെ ശ്രദ്ധാകേന്ദ്രമായി ദുബായ് മാറുന്നതിന്റെ ഭാഗമായി ദുബായ് ഫാഷൻ വീക്ക് (DFW) വീണ്ടും അരങ്ങേറുന്നു. 2026 ഒക്ടോബർ 22 മുതൽ 26 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിലാണ് (d3) ഫാഷൻ വീക്കിന്റെ സ്പ്രിങ്/സമ്മർ 2027 പതിപ്പ് നടക്കുക.
ദുബായ് ഡിസൈൻ ഡിസ്ട്രിക്ടും അറബ് ഫാഷൻ കൗൺസിലും ചേർന്നാണ് ദുബായ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നത്. പ്രാദേശിക ഫാഷൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കുന്നതിനൊപ്പം പുതിയ ഡിസൈനർമാരെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
പ്രമുഖ ഡിസൈനർമാർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബയർമാരും ഫാഷൻ മേഖലയിലെ പ്രമുഖരും ഫാഷൻ വീക്കിൽ പങ്കെടുക്കും. പുതിയ കളക്ഷനുകൾ പരിചയപ്പെടുത്തുന്നതിനായി ഷോറൂം അപ്പോയിന്റ്മെന്റുകളും ഡിസൈനർ പ്രിവ്യൂകളും ഉൾപ്പെടുന്ന പ്രത്യേക ബയേഴ്സ് പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഡിസൈനർമാർക്ക് വാണിജ്യ പങ്കാളിത്തത്തിനും ദീർഘകാല ബിസിനസ് ബന്ധങ്ങൾക്കും വഴിയൊരുങ്ങും. ദുബായ് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഡിസൈനർമാർക്ക് ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. സെലക്ഷൻ കമ്മിറ്റിയാണ് അപേക്ഷകൾ പരിശോധിച്ച് അന്തിമ പട്ടിക തയ്യാറാക്കുക. മേഖലയുടെ മാറിവരുന്ന ഫാഷൻ രംഗത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഡിസൈനർമാരുടെ തിരഞ്ഞെടുപ്പ്.
