ദുബായ്,സെപ്റ്റംബർ 3,2026 : രാജ്യാന്തര വിദ്യാർഥികൾക്കായി യുഎഇ നടപ്പാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിലൂടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 668 വിദ്യാർഥികൾക്ക് ഇതുവരെ പഠനസഹായം ലഭിച്ചു. 2016ൽ ആരംഭിച്ച പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ് മേൽനോട്ടം വഹിക്കുന്നത്.
നിലവിൽ 330 പേർ യുഎഇയിലെ 11 സർവകലാശാലകളിലായി ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പഠനം നടത്തുന്നു. ട്യൂഷൻ ഫീസ്, പ്രതിമാസ അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
പദ്ധതിയിലൂടെ 338 പേർ പഠനം പൂർത്തിയാക്കി. എൻജിനീയറിങ്, സാങ്കേതികവിദ്യ, മെഡിക്കൽ, ഭരണശാസ്ത്രം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ പേർ പഠിച്ചത്.
ബഹ്റൈൻ, എത്യോപ്യ, എറിത്രിയ, സിറിയ, ചാഡ്, കൊമോറോസ്, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഗുണഭോക്താക്കൾ. നിലവിലെ വിദ്യാർഥികളിൽ 579 പേർ എൻജിനീയറിങ്, സാങ്കേതികവിദ്യാ മേഖലകളിലും 89 പേർ സാമൂഹികശാസ്ത്രം, ഭരണശാസ്ത്രം, മെഡിക്കൽ വിഭാഗങ്ങളിലുമാണ് പഠിക്കുന്നത്.
വിദ്യാഭ്യാസത്തിലൂടെ രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരികവും അക്കാദമികവുമായ ബന്ധം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആക്ടിങ് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു. യുഎഇയെ ആഗോള പ്രതിഭകളുടെ വിദ്യാഭ്യാസ കേന്ദ്രമാക്കുന്നതിലും പദ്ധതി സഹായിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
