ദുബായ് ,സെപ്റ്റംബർ 8,2026: 2025ലെ പ്രോഗ്രാം ഫോർ ഇന്റർനാഷനൽ സ്റ്റുഡന്റ് അസസ്മെന്റ് വിലയിരുത്തലിൽ ശാസ്ത്രം, ഗണിതം, വായന എന്നീ മൂന്ന് മേഖലകളിലും പങ്കെടുക്കുന്ന അറബ് രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനത്തെത്തി. 91 രാജ്യങ്ങൾ പങ്കെടുത്ത ഇത്തവണത്തെ വിലയിരുത്തലിൽ മൂന്ന് മേഖലകളിലും ഒരേസമയം മുന്നേറ്റം കൈവരിച്ച എട്ട് രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെട്ടു. പ്രോഗ്രാം ഫോർ ഇന്റർനാഷനൽ സ്റ്റുഡന്റ് അസസ്മെന്റ് ഫലങ്ങളിൽ ദുബായിലെ സ്വകാര്യ സ്കൂളുകൾ വിവിധ മേഖലകളിലും ലോകത്തെ മികച്ച 10 വിദ്യാഭ്യാസ സംവിധാനങ്ങളുടെ പട്ടികയിൽ ഇടംനേടി. ദുബായ് എജ്യുക്കേഷൻ 33 സ്ട്രാറ്റജിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നും ഇതോടെ കൈവരിച്ചു. വായനാ മികവിലാണ് ദുബായ് സ്വകാര്യ സ്കൂളുകൾ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. 501 പോയിന്റുമായി ലോകത്ത് ആറാം സ്ഥാനമാണ് ദുബായ്ക്ക് ലഭിച്ചത്. ഗണിതത്തിലും ശാസ്ത്രത്തിലും 511, 522 പോയിന്റുകൾ വീതം നേടി എട്ടാം സ്ഥാനവും സ്വന്തമാക്കി.
പുതുതായി ഉൾപ്പെടുത്തിയ കമ്പ്യൂട്ടേഷണൽ പ്രോബ്ലം സോൾവിങ് വിഭാഗത്തിലും ദുബായ് മികച്ച പ്രകടനം കാഴ്ചവച്ചു. 534 പോയിന്റുമായി ലോകത്ത് ഒൻപതാം സ്ഥാനത്താണ് ദുബായ് സ്വകാര്യ സ്കൂളുകൾ എത്തിയത്. ഒഇസിഡി ശരാശരിയേക്കാൾ 34 പോയിന്റ് കൂടുതലാണിത്. 15 വയസ്സുള്ള വിദ്യാർഥികളുടെ അറിവും അത് യഥാർഥ ജീവിത സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ള കഴിവും വിലയിരുത്തുന്ന അന്താരാഷ്ട്ര പഠനമാണ് PISA. ഒഇസിഡിയുടെ നേതൃത്വത്തിൽ മൂന്ന് വർഷത്തിലൊരിക്കലാണ് വിലയിരുത്തൽ നടക്കുന്നത്. 2022ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായ് വലിയ മുന്നേറ്റമാണ് നടത്തിയത്.
അന്ന് ഗണിതത്തിൽ ഒൻപതാം സ്ഥാനവും വായനയിൽ 13-ാം സ്ഥാനവും ശാസ്ത്രത്തിൽ 14-ാം സ്ഥാനവുമായിരുന്നു ദുബായ്ക്ക്. 2025ൽ മൂന്ന് മേഖലകളിലും ആദ്യ പത്തിൽ ഇടം നേടാൻ സാധിച്ചു. 2009 മുതൽ PISAയിൽ പങ്കെടുക്കുന്ന ദുബായ് സ്വകാര്യ സ്കൂളുകൾ തുടർച്ചയായ ആറ് വിലയിരുത്തൽ ഘട്ടങ്ങളിലും പുരോഗതി രേഖപ്പെടുത്തി. ഈ കാലയളവിൽ ഗണിതത്തിലെ ശരാശരി സ്കോർ 37 പോയിന്റും വായനയിൽ 22 പോയിന്റും ശാസ്ത്രത്തിൽ 36 പോയിന്റും ഉയർന്നു.
എമിറാത്തി വിദ്യാർഥികളും മികച്ച മുന്നേറ്റം നടത്തി. 2022നെ അപേക്ഷിച്ച് 2025ൽ ഗണിതത്തിൽ ശരാശരി 31 പോയിന്റും, ശാസ്ത്രത്തിൽ 30 പോയിന്റും, വായനയിൽ 18 പോയിന്റും വർധിച്ചു. ദുബായിലെ സ്വകാര്യ സ്കൂളുകളിൽ വിവിധ കരിക്കുലങ്ങൾ പിന്തുടരുന്ന വിദ്യാർഥികളിൽ ഏറ്റവും ഉയർന്ന ശരാശരി പ്രകടനം കാഴ്ചവച്ചത് ഇന്റർനാഷനൽ ബാക്കലറിയേറ്റ് (IB) സ്കൂളുകളിലെ വിദ്യാർഥികളാണ്.
ശാസ്ത്രത്തിൽ 557, ഗണിതത്തിൽ 542, വായനയിൽ 538 പോയിന്റ് വീതമാണ് ഇവർ നേടിയത്. PISA 2025ൽ ദുബായിലെ 168 സ്വകാര്യ സ്കൂളുകളിൽ നിന്നായി 9,600 വിദ്യാർഥികൾ പങ്കെടുത്തു. ലോകത്തെ 90ലേറെ രാജ്യങ്ങളിൽ നിന്നും സമ്പദ്വ്യവസ്ഥകളിൽ നിന്നുമായി 7.6 ലക്ഷത്തിലധികം വിദ്യാർഥികളാണ് ആകെ വിലയിരുത്തലിൽ പങ്കെടുത്തത്. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ സജ്ജീകരണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉത്തരവാദിത്തപരമായ ഉപയോഗവും ഫലങ്ങളിൽ പ്രതിഫലിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
