ദുബായ്,സെപ്റ്റംബർ 8,2026 : ഭാവിയിലെ ദേശീയ നേതാക്കളെ വാർത്തെടുക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അഡ്വാൻസ്ഡ് ലീഡർഷിപ്പ് ’ നേതൃത്വ പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിന് തുടക്കമായി. പ്രമുഖ നേതൃത്വ പരിശീലന സ്ഥാപനമായ ഹൾട്ട് ആഷ്റിഡ്ജ് എക്സിക്യൂട്ടീവ് എഡ്യൂക്കേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. RTAയിലെ കഴിവുള്ള എമിറാത്തി ജീവനക്കാരെ ഭാവിയിലെ ഉയർന്ന നേതൃത്വ സ്ഥാനങ്ങളിലേക്ക് തയ്യാറാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
രണ്ടാം, മൂന്നാം തലത്തിലുള്ള നേതൃത്വ സ്ഥാനങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട എമിറാത്തി ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. ടീമുകളെ നയിക്കുക, ശരിയായ തീരുമാനങ്ങൾ എടുക്കുക, മാറ്റങ്ങൾ കൈകാര്യം ചെയ്യുക, പുതിയ ആശയങ്ങൾ നടപ്പാക്കുക തുടങ്ങിയ കഴിവുകൾ പരിശീലനത്തിലൂടെ വികസിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുന്നതിലും സ്ഥാപനത്തിലെ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതിലും പരിശീലനം നൽകും. സുസ്ഥിര വികസനം, നവീകരണം, ഭാവിയിലെ സാധ്യതകൾ എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. പരിശീലനത്തോടൊപ്പം വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോച്ചിങ്, മെന്ററിങ് സെഷനുകളും ഉണ്ടാകും. ജീവനക്കാരുടെ പ്രഫഷനൽ വളർച്ചയും നേതൃത്വശേഷിയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര പഠനയാത്രയും സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിലെ മികച്ച നേതൃത്വ മാതൃകകളും AI, ഭാവി സാങ്കേതികവിദ്യകളിലെ പുതിയ രീതികളും പഠിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിൽ ലഭിക്കുന്ന അറിവുകൾ RTAയിലെ വിവിധ പദ്ധതികളിൽ പ്രായോഗികമായി നടപ്പാക്കും. ഇതിന്റെ ഫലവും പദ്ധതികളുടെ പുരോഗതിയും നിരീക്ഷിക്കും. ഭാവിയിലെ മാറ്റങ്ങൾ നേരിടാൻ കഴിവുള്ള ശക്തമായ ദേശീയ നേതൃത്വനിരയെ ഒരുക്കുകയാണ് പദ്ധതിയിലൂടെ RTA ലക്ഷ്യമിടുന്നത്.
