ദുബായ്,സെപ്റ്റംബർ 14,2026 : റെയിൽ, ഗതാഗത മേഖലകളിലെ ആഗോള വിദഗ്ധരും നിക്ഷേപകരും കമ്പനികളും ഒരുമിക്കുന്ന ‘റെയിൽ എക്സ് ദുബായ് കോൺഫറൻസിനും പ്രദർശനത്തിനും’ ദുബായ് വേദിയാകും. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ആദ്യ റെയിൽഎക്സ് ദുബായ് 2027 മേയ് 31 മുതൽ ജൂൺ 2 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
‘റെയിലിന്റെയും ഗതാഗതത്തിന്റെയും ഭാവി കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 5,000ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 60ലേറെ രാജ്യാന്തര കമ്പനികളും സംഘടനകളും പ്രദർശനത്തിൽ പങ്കെടുക്കും. സർക്കാർ പ്രതിനിധികൾ, തീരുമാനമെടുക്കുന്നവർ, വ്യവസായ പ്രമുഖർ, വിദഗ്ധർ തുടങ്ങിയ 70ലേറെ പ്രഭാഷകരും പരിപാടിയുടെ ഭാഗമാകും. റെയിൽ മേഖലയിലെ പുതിയ മാറ്റങ്ങളും ഭാവിയിലെ ഗതാഗത സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ആഗോള വേദിയായി റെയിൽഎക്സ് ദുബായെ മാറ്റുകയാണ് ലക്ഷ്യം. യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം, സാമ്പത്തിക ഇടനാഴികൾ, അതിർത്തി കടന്നുള്ള റെയിൽ ബന്ധങ്ങൾ, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും.
ദുബായെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള റെയിൽ മേഖലയിലെ പ്രധാന ബന്ധകേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്താൻ റെയിൽഎക്സ് സഹായിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. നയരൂപീകരണം മുതൽ ആസൂത്രണം, നിക്ഷേപം, നിർമാണം, പ്രവർത്തനം, ഉപഭോക്തൃ സേവനം എന്നിവ വരെയുള്ള റെയിൽ മേഖലയിലെ മുഴുവൻ മേഖലകളും സമ്മേളനം ചർച്ച ചെയ്യും. അഞ്ച് പ്രധാന വിഷയങ്ങളിലാണ് സമ്മേളനം കേന്ദ്രീകരിക്കുന്നത്. ബന്ധിപ്പിക്കൽ, സാങ്കേതിക മുന്നേറ്റം, നിക്ഷേപം, ഗതാഗത സംവിധാനങ്ങളുടെ ഏകീകരണം, യാത്രക്കാരുടെ അനുഭവം എന്നിവയാണ് പ്രധാന വിഷയങ്ങൾ. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യ, സൈബർ സുരക്ഷ, വൈദ്യുതീകരണം, സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയും ചർച്ചയാകും.
