ദുബായ്, സെപ്റ്റംബർ 15, 2026 : യുഎഇയുടെ സ്മാരക തപാൽ സ്റ്റാമ്പുകളിൽ സ്വന്തം ഡിസൈനുകളിലൂടെ ഇടം നേടിയ മലയാളി ഡിസൈനർ മുഹമ്മദ് ബിലാലിനെ ദുബായിലെ വാക്കിതൾ കൂട്ടായ്മ ആദരിച്ചു. പ്രഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലായിരുന്നു ആദരവ് നൽകിയത് . ബഷീർ പാൻഗൾഫ് ബിലാലിന് മൊമെന്റോ സമ്മാനിച്ചു. കലാ-സാംസ്കാരിക, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ സീനിയർ ഡിസൈനറായ 28കാരനായ മുഹമ്മദ് ബിലാൽ രൂപകൽപ്പന ചെയ്ത എട്ട് ഡിസൈനുകളിൽ ആറെണ്ണമാണ് യുഎഇ തപാൽ സേവനമായ എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പുകളായി പുറത്തിറക്കിയത്. ഷാർജ ഹെറിറ്റേജ് ഡെയ്സിന്റെ 23-മത് പതിപ്പിന്റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പുകളിലാണ് ബിലാലിന്റെ സൃഷ്ടികൾ ഉൾപ്പെടുത്തിയത്.
‘ദി ഗ്ലോ ഓഫ് ഓതെന്റിസിറ്റി’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഷാർജയുടെ പൈതൃകവും തനത് ദൃശ്യസ്വത്വവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഡിസൈനുകൾ ഒരുക്കിയത്. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജുമായി സഹകരിച്ചാണ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്.തന്റെ എട്ട് ഡിസൈനുകളിൽ ആറെണ്ണം തപാൽ സ്റ്റാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഹമ്മദ് ബിലാൽ പറഞ്ഞു.
ഇന്ത്യൻ പ്രവാസി ഡിസൈനറുടെ സൃഷ്ടികൾ യുഎഇയുടെ സ്മാരക തപാൽ സ്റ്റാമ്പുകളിൽ ഇടം നേടിയതിനെ ചടങ്ങിൽ സംസാരിച്ചവർ അഭിനന്ദിച്ചു. ബിലാലിന്റെ നേട്ടം പ്രവാസി മലയാളികൾക്കും യുവ ഡിസൈനർമാർക്കും പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു
