അജ്മാൻ, സെപ്റ്റംബർ 18, 2026 : നാല് ദിവസം നീണ്ട അജ്മാൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷൻ 2026 സമാപിച്ചു. 699 മില്യൺ ദിർഹത്തിന്റെ ഇടപാടുകൾ ആണ് എക്സിബിഷന്റെ ഭാഗമായി നടന്നത് . ആകെ 994 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് പ്രദർശനത്തിനിടെ നടന്നത്. 15,671 പേർ എക്സിബിഷൻ സന്ദർശിച്ചു.
അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു നാലാമത് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷൻ.അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ വിശ്വാസമാണ് ഇടപാടുകളിലെ വർധനയും വലിയ സന്ദർശക പങ്കാളിത്തവും വ്യക്തമാക്കുന്നതെന്ന് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു.
നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് കമ്പനികൾ, ഡെവലപ്പർമാർ, വിദഗ്ധർ എന്നിവരെ ഒരേ വേദിയിലെത്തിക്കാൻ എക്സിബിഷന് കഴിഞ്ഞു. വിവിധ പദ്ധതികളും നിക്ഷേപ സാധ്യതകളും പരിചയപ്പെടാനും മേഖലയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യാനും അവസരമൊരുങ്ങി.റിയൽ എസ്റ്റേറ്റ് മേഖലയിലെ സുസ്ഥിരത, സാങ്കേതികവിദ്യ, നവീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിക്ഷേപം, പ്രതിസന്ധി മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകളും എക്സിബിഷന്റെ ഭാഗമായി നടന്നു.
