ദുബായ്,സെപ്റ്റംബർ 25, 2026 : ഇറാൻ വിമാന കമ്പനികളുടെ സർവീസ് റദ്ദാക്കി യുഎഇ.ഇന്ന് മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ യു.എ.ഇയിൽ നിന്ന് ഇറാനിലേക്കോ തിരിച്ചോ ഇറാനി എയർലൈനുകളുടെ വിമാനമുണ്ടാവില്ല.ലോകത്തെ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഇറാനിയൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ നടപടി.
ജോര്‍ജിയയും അസര്‍ബൈജാനും ഇറാന് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയ പിന്നാലെയാണ് യുഎഇ ഇറാൻ വിമാന കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത് .യുഎഇയും ഇറാനും തമ്മിലുള്ള വ്യോമയാന സർവീസുകളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് പൊതുജനങ്ങളെയും ബന്ധപ്പെട്ട അധികൃതരെയും അറിയിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.ഇറാനില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തുന്നത് ഇറാന് എയറും മഹന്‍ എയറുമാണ്. ഈ വിമാനങ്ങള്‍ക്ക് ജോര്‍ജിയയും അസര്‍ബൈജാനും ഇന്നലെ മുതല്‍ വിലക്കേര്‍പ്പെടുത്തി. ഇറാഖ്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇറാന്റെ വിമാനങ്ങളുടെ സര്‍വീസുകളെയും പുതിയ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനുമായി പണമിടപാട് നടത്തുന്ന ബാങ്കുകള്‍ക്കെതിരെ യുഎഇ നടപടി സ്വീകരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിമാന സര്‍വീസും യുഎഇ റദ്ദാക്കിയിരിക്കുന്നത്.
