ദുബായ്, ഒക്ടോബർ 2, 2026 : ദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (DFC) പത്താം പതിപ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 31 മുതൽ നവംബർ 29 വരെയാണ് ഇത്തവണത്തെ ചലഞ്ച് നടക്കുന്നത്. ‘What’s Your 30×30?’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും പങ്കെടുക്കാം.
2017ൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. കഴിഞ്ഞ ഒമ്പത് പതിപ്പുകളിലായി 1.6 കോടിയിലധികം ആളുകളാണ് പരിപാടിയുടെ ഭാഗമായത്.
ദുബായ് റണ്ണും റൈഡും വീണ്ടും എത്തുന്നു
പത്താം പതിപ്പിന്റെ ഭാഗമായി നാല് പ്രധാന ഫിറ്റ്നസ് പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നവംബർ ഒന്നിന് ദുബായ് റൈഡും നവംബർ 22ന് ദുബായ് റണ്ണും നടക്കും. ഈ പരിപാടികളിലൂടെ പങ്കെടുക്കുന്നവർക്ക് ഷെയ്ഖ് സായിദ് റോഡിലും ഡൗൺടൗൺ ദുബായിലും സൈക്ലിങ്ങിനും ഓട്ടത്തിനും അവസരം ലഭിക്കും.
നവംബർ 7, 8 തീയതികളിൽ ഹത്ത ഡാമിൽ ദുബായ് സ്റ്റാൻഡ്-അപ്പ് പാഡിൽ സംഘടിപ്പിക്കും. നവംബർ 29ന് നടക്കുന്ന ദുബായ് യോഗയുടെ രണ്ടാം പതിപ്പോടെയാണ് ഇത്തവണത്തെ ഫിറ്റ്നസ് ചലഞ്ചിന് സമാപനമാകുക.
സൗജന്യ ഫിറ്റ്നസ് ക്ലാസുകളും പ്രത്യേക കേന്ദ്രങ്ങളും
30 ദിവസത്തെ ചലഞ്ചിന്റെ ഭാഗമായി ദുബായിലുടനീളം മൂന്ന് സൗജന്യ ഫിറ്റ്നസ് വില്ലേജുകളും 23ലധികം കമ്മ്യൂണിറ്റി ഫിറ്റ്നസ് ഹബ്ബുകളും പ്രവർത്തിക്കും.
ബാസ്കറ്റ്ബോൾ, ഫുട്ബോൾ, പാഡൽ, വോളിബോൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾക്ക് പുറമെ സ്ത്രീകൾക്കായി പ്രത്യേക മേഖലകളും ഒരുക്കും. ആയിരക്കണക്കിന് സൗജന്യ ഫിറ്റ്നസ് ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമാകും. വിശദമായ സമയക്രമം ഉടൻ പ്രഖ്യാപിക്കും.
രാജ്യാന്തര കായിക മത്സരങ്ങളും ദുബായിൽ
ഫിറ്റ്നസ് ചലഞ്ചിനൊപ്പം നിരവധി രാജ്യാന്തര കായിക മത്സരങ്ങൾക്കും ദുബായ് വേദിയാകും.
- നവംബർ 8–15: ദുബായ് പ്രീമിയർ പാഡൽ P1
- നവംബർ 12–15: DP വേൾഡ് ടൂർ ചാമ്പ്യൻഷിപ്പ്
- നവംബർ 13–15: ദുബായ് T100 ട്രയാത്തലൺ
- നവംബർ 21–22: എമിറേറ്റ്സ് ദുബായ് സെയിൽ ഗ്രാൻഡ് പ്രീ
- നവംബർ 27–29: എമിറേറ്റ്സ് ദുബായ് സെവൻസ്
പത്ത് വർഷത്തിനിടെ പങ്കാളിത്തത്തിൽ വൻ വർധന
2019ൽ 70,000 പേർ പങ്കെടുത്ത ദുബായ് റണ്ണിൽ 2025ൽ 3.07 ലക്ഷത്തിലധികം പേരാണ് അണിനിരന്നത്. ദുബായ് റൈഡിൽ കഴിഞ്ഞ വർഷം 40,000ത്തിലധികം സൈക്ലിസ്റ്റുകളും പങ്കെടുത്തു. 2020ലെ ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് ഈ പങ്കാളിത്തം.
യുഎഇയുടെ കുടുംബവർഷത്തിൽ നടക്കുന്ന ഇത്തവണത്തെ ഫിറ്റ്നസ് ചലഞ്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒരുമിച്ച് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള അവസരം കൂടിയാണെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ് വ്യക്തമാക്കി.
എങ്ങനെ പങ്കെടുക്കാം?
പ്രായഭേദമന്യേ എല്ലാവർക്കും ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമാകാം. നടത്തം, ഓട്ടം, സൈക്ലിങ്, യോഗ തുടങ്ങി ഇഷ്ടമുള്ള ഏത് ശാരീരിക പ്രവർത്തനവും തിരഞ്ഞെടുത്ത് ദിവസവും 30 മിനിറ്റ് വീതം 30 ദിവസം പൂർത്തിയാക്കുകയാണ് ചലഞ്ചിന്റെ ലക്ഷ്യം.
ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പും ദുബായ് സ്പോർട്സ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.dubaifitnesschallenge.com സന്ദർശിക്കാം.
