ദുബായ്, ഒക്ടോബർ 2, 2026 : ഇന്ത്യന്‍ സാങ്കേതിക വിദ്യ-സ്റ്റാര്‍ട്ടപ്പ് സംരംഭകരെ യു.എ.ഇയിലെ പ്രമുഖ ബിസിനസ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കുന്നതിനായി ‘ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍’ പദ്ധതി പ്രഖ്യാപിച്ച് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ബിസിനസ് ഹബ്ബായ സെന്‍ട്രല്‍. ‘എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ 2026’ന്റെ ഇക്കോസിസ്റ്റം പങ്കാളികളായ സെന്‍ട്രല്‍ പ്രഖ്യാപിച്ച ഈ സംരംഭത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ദുബായില്‍ ഒരാഴ്ച നീളുന്ന ബിസിനസ് അവസരങ്ങള്‍ ലഭ്യമാക്കും.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് ഐ.ടി നഗരങ്ങളായ ചെന്നൈ, ബെംഗളൂരു, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ റോഡ്ഷോകള്‍ സംഘടിപ്പിക്കും. കേരള സര്‍ക്കാരിന്റെ ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, ടെക്നോപാര്‍ക്ക് എന്നിവയ്ക്ക് പുറമെ കര്‍ണാടക ഡിജിറ്റല്‍ ഇക്കോണമി മിഷന്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക്, കഫീറ്റ്, ജി-ടെക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് തമിഴ്നാടുമായുള്ള പങ്കാളിത്തവും പരിഗണനയിലുണ്ട്.
വെറുമൊരു പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനപ്പുറം ദുബായിലെ ഉപഭോക്താക്കള്‍, നിക്ഷേപകര്‍ എന്നിവരുമായി സംരംഭകര്‍ക്ക് നേരിട്ട് ചര്‍ച്ച നടത്താനുള്ള അവസരമാണ് ഇതിലൂടെയൊരുങ്ങുന്നത്. സെന്‍ട്രലിന്റെ ആതിഥേയത്വത്തില്‍ ദുബായിലെത്തുന്ന 100 സംരംഭകര്‍ക്ക് ലോകപ്രശസ്തമായ ജൈടെക്സ് ഗ്ലോബല്‍, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ മേളകളില്‍ പങ്കെടുക്കാനും സെന്‍ട്രല്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും സാധിക്കുമെന്ന് സെന്‍ട്രല്‍ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഫീസ് റഹ്മത്തുള്ള വ്യക്തമാക്കി.
മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുന്ന സെന്‍ട്രല്‍ ദുബായില്‍ രണ്ട് പുതിയ ബിസിനസ് കേന്ദ്രങ്ങള്‍ കൂടി തുറന്ന് പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. റോഡ്ഷോയോടനുബന്ധിച്ച് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന 60 സെക്കന്‍ഡ് പിച്ചെസ് മത്സരത്തിലെ വിജയിക്ക് എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ 2026 മേളയില്‍ സ്വന്തം സംരംഭം ആഗോള തലത്തില്‍ അവതരിപ്പിക്കാനുള്ള പവിലിയന് സൗകര്യവും അനുവദിച്ചു.
