ഷാർജ, ഒക്ടോബർ 2, 2026 : ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വർണക്കട്ടി നേരിൽ കാണാനും അതിനൊപ്പം നിന്ന് സ്വന്തം ഉയരം അളക്കാനും അവസരമൊരുക്കി ഷാർജയിലെ വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ. എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പ്രദർശനത്തിന്റെ 58-ാമത് പതിപ്പിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ സ്വർണക്കട്ടി ബി ടി സി അവതരിപ്പിച്ചിരിക്കുന്നത്.
ഉയരം 2.12 മീറ്റർ
2.12 മീറ്റർ (6 അടി 11.5 ഇഞ്ച്) ഉയരമുള്ള സ്വർണക്കട്ടിയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്വർണക്കട്ടിയെന്ന ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
സ്വർണനിറത്തിലുള്ള ഒരു വലിയ അളവുകോലിന്റെ രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രദർശനത്തിനായി ഒരുക്കിയ പ്രത്യേക പ്ലാറ്റ്ഫോമിൽ ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റിനൊപ്പമാണ് സ്വർണക്കട്ടി സ്ഥാപിച്ചിരിക്കുന്നത്.
സ്വർണത്തിനൊപ്പം നിന്ന് ഉയരം അളക്കാം
‘Measure Your Height in Gold’ എന്ന ആശയത്തിലൂടെ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവവും ഒരുക്കിയിട്ടുണ്ട്. സ്വർണക്കട്ടിക്ക് സമീപം നിന്ന് സ്വന്തം ഉയരം താരതമ്യം ചെയ്യാനും ചിത്രങ്ങളെടുക്കാനും അവസരമുണ്ട്.
വലുപ്പം കൊണ്ടുമാത്രമല്ല, സന്ദർശകരെ നേരിട്ട് പങ്കാളികളാക്കുന്ന അവതരണരീതി കൊണ്ടും ഈ റെക്കോർഡ് നേട്ടം ശ്രദ്ധ നേടുകയാണ്.
19 രാജ്യങ്ങളിൽ നിന്ന് 500ലധികം ബ്രാൻഡുകൾ
സെപ്റ്റംബർ 30ന് ആരംഭിച്ച വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ ഒക്ടോബർ നാല് വരെ തുടരും.
30,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നടക്കുന്ന പ്രദർശനത്തിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 500ലധികം ബ്രാൻഡുകളാണ് പങ്കെടുക്കുന്നത്. ഹോങ്കോങ്, ഇന്ത്യ, ഇറ്റലി, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളുടെ അഞ്ച് അന്താരാഷ്ട്ര പവലിയനുകളും ഒരുക്കിയിട്ടുണ്ട്.
സ്വർണം, വജ്രം, വിലയേറിയ രത്നങ്ങൾ, വാച്ചുകൾ എന്നിവയുടെ ഏറ്റവും പുതിയ ഡിസൈനുകളും ശേഖരങ്ങളും പ്രദർശനത്തിലുണ്ട്. ആഭരണ നിർമാതാക്കൾ, ഡിസൈനർമാർ, പ്രമുഖ ബ്രാൻഡുകൾ, വ്യാപാരികൾ തുടങ്ങിയവരെ ഒരുമിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രധാന ആഭരണ പ്രദർശനങ്ങളിലൊന്നാണിത്.
