അജ്മാൻ, ഒക്ടോബർ 2, 2026 : ചരിത്രത്തിലാദ്യമായി വിദ്യാർഥികളുടെ എണ്ണം 10,000 കടന്ന് അജ്മാൻ സർവകലാശാല (AU). ഒരൊറ്റ ക്യാമ്പസിലെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലായി പതിനായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുവെന്ന നേട്ടമാണ് സർവകലാശാല സ്വന്തമാക്കിയത്. യുഎഇയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും സർവകലാശാലയുടെ പഠനനിലവാരത്തിലും വിദ്യാർഥികളും രക്ഷിതാക്കളും പുലർത്തുന്ന വിശ്വാസത്തിന്റെ പ്രതിഫലനമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.
ജിസിസിയിലെ ആദ്യ സ്വകാര്യ സർവകലാശാല
1988ൽ ജിസിസിയിലെ ആദ്യ സ്വകാര്യ സർവകലാശാലയായി സ്ഥാപിതമായ അജ്മാൻ സർവകലാശാല ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും ആകർഷിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി വളർന്നിരിക്കുകയാണ്.
അക്കാദമിക് നിലവാരം, ഗവേഷണം, പുതിയ പഠനമേഖലകൾ, രാജ്യാന്തര സഹകരണം, വിദ്യാർഥികളുടെ തൊഴിൽസാധ്യതകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി സർവകലാശാല തുടർച്ചയായി നിക്ഷേപം നടത്തിവരുന്നു.
ലോകത്തിലെ മികച്ച 400 സർവകലാശാലകളിൽ ഇടം
2027ലെ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആഗോളതലത്തിൽ 397-ാം സ്ഥാനം നേടാനും അജ്മാൻ സർവകലാശാലയ്ക്ക് കഴിഞ്ഞു. ലോകത്തിലെ മികച്ച 400 സർവകലാശാലകളുടെ പട്ടികയിൽ ആദ്യമായാണ് സ്ഥാപനം ഇടം നേടുന്നത്.
QS സ്റ്റാർസ് റേറ്റിങ് സംവിധാനത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമായ 5+ റേറ്റിങ്ങും സർവകലാശാല സ്വന്തമാക്കിയിട്ടുണ്ട്. അധ്യാപന നിലവാരം, തൊഴിൽസാധ്യത, ഗവേഷണം, ഭരണനിർവഹണം, രാജ്യാന്തര സഹകരണം, സാമൂഹിക സ്വാധീനം തുടങ്ങിയ മേഖലകളിലെ മികവാണ് ഈ അംഗീകാരത്തിന് പിന്നിൽ.
കൂടാതെ, അമേരിക്ക ആസ്ഥാനമായ WASC സീനിയർ കോളേജ് ആൻഡ് യൂണിവേഴ്സിറ്റി കമ്മീഷന്റെ (WSCUC) സ്ഥാപനതല അക്രഡിറ്റേഷനും സർവകലാശാലയ്ക്കുണ്ട്.
വിദ്യാർഥികളുടെ വളർച്ചയ്ക്കൊപ്പം ഉത്തരവാദിത്തവും
വിദ്യാർഥികളുടെ എണ്ണം 10,000 കടന്നത് സർവകലാശാലയിലും യുഎഇയിലെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളിലും കുടുംബങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണെന്ന് അജ്മാൻ സർവകലാശാല ചാൻസലർ ഡോ. കരീം സെഗിർ പറഞ്ഞു.
വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം മികച്ച അധ്യാപനം, പഠനസൗകര്യങ്ങൾ, ഗവേഷണം, തൊഴിൽപരമായ തയ്യാറെടുപ്പുകൾ എന്നിവയുടെ നിലവാരം നിലനിർത്തേണ്ട ഉത്തരവാദിത്തവും വർധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ നിലവാരവും സാമൂഹിക സംഭാവനകളും മെച്ചപ്പെടുത്തുന്നതിനായി വീണ്ടും വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ ഉൾപ്പെടെയുള്ള പുതിയ പഠനമേഖലകളിലേക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ഡാറ്റാ സയൻസ്, അഡ്വാൻസ്ഡ് ഹെൽത്ത് സയൻസസ് തുടങ്ങിയ മേഖലകളിലേക്കും സർവകലാശാല അക്കാദമിക് പ്രോഗ്രാമുകൾ വിപുലീകരിച്ചുവരികയാണ്.
ഗവേഷണ പ്രവർത്തനങ്ങളും വ്യവസായ മേഖലയുമായുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിലൂടെ യുഎഇയുടെ മാറുന്ന തൊഴിൽ വിപണിക്ക് ആവശ്യമായ കഴിവുകളുള്ള ബിരുദധാരികളെ വാർത്തെടുക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം.
