അബുദാബി, ഒക്ടോബർ 5, 2026: നിർമിതബുദ്ധി അധിഷ്ഠിത കമ്പനികൾ വളർത്താനും ധനകാര്യ മേഖലയിലെ പുതിയ നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് യുഎഇ. ഒക്ടോബർ 6, 7 തീയതികളിൽ അബുദാബി അഡ്നെക് സെന്ററിൽ നടക്കുന്ന ‘എഐ എവരിതിങ് അബുദാബി 2026’ പ്രദർശനത്തിലും ഉച്ചകോടിയിലും ആഗോള നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ എന്നിവർക്കൊപ്പം യുഎഇ നിക്ഷേപ മന്ത്രാലയവും പങ്കെടുക്കും.
നിക്ഷേപ തീരുമാനങ്ങൾ, മൂലധന വിനിയോഗം, ബാങ്കിങ് പ്രവർത്തനങ്ങൾ എന്നിവയിൽ എഐ സൃഷ്ടിക്കുന്ന മാറ്റങ്ങളും പുതിയ അവസരങ്ങളുമാണ് പരിപാടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
എഐ വികസനത്തിന് എഡിജിഎമ്മിന്റെ 40 കോടിയിലധികം ദിർഹം നിക്ഷേപം
എഐ ശേഷി വർധിപ്പിക്കാനും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും നിയന്ത്രണ–പ്രവർത്തന സംവിധാനങ്ങളും നവീകരിക്കാനുമായി അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം) 2029 വരെ 40 കോടിയിലധികം ദിർഹം നിക്ഷേപിക്കുന്നു. എഡിജിഎമ്മിലെ ആസ്തി മാനേജ്മെന്റ് മേഖലയിൽ നിലവിൽ 276 ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന 190 ഫണ്ട്, അസറ്റ് മാനേജർമാരുണ്ട്.
നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം യുഎഇയിൽ കൂടുതൽ എഐ കമ്പനികൾ സ്ഥാപിച്ച് വളർത്തുക, വിവിധ മേഖലകളിൽ എഐ ഉപയോഗം വിപുലീകരിക്കുക, പ്രാദേശിക ശേഷിയും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു.
വിദേശ നേരിട്ടുള്ള നിക്ഷേപത്തിനൊപ്പം ആഭ്യന്തര നേരിട്ടുള്ള നിക്ഷേപത്തിനും രാജ്യം പ്രാധാന്യം നൽകുന്നുണ്ട്. യുഎഇയിലെ ആഭ്യന്തര നേരിട്ടുള്ള നിക്ഷേപം 10,000 കോടി മുതൽ 11,900 കോടി യുഎസ് ഡോളർ വരെയാണെന്നാണ് കണക്കാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത് വാർഷിക വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ ഏകദേശം രണ്ടുമുതൽ രണ്ടര മടങ്ങുവരെയാണ്.
നിക്ഷേപ വിശകലനത്തിന് പുതിയ എഐ സംവിധാനങ്ങൾ
കെയ്റോയും ദുബായിയും ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനസിസ് എഐ, ‘ഫിനാൻഷ്യൽ ഐഡി’ എന്ന പ്ലാറ്റ്ഫോം പരിപാടിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. മൂല്യനിർണയം, നിക്ഷേപ പോർട്ട്ഫോളിയോയിലെ അപകടസാധ്യത, വിപണി പ്രവണതകൾ, സാങ്കേതിക വിശകലനം, ശരീഅത്ത് മാനദണ്ഡങ്ങൾ പാലിക്കൽ തുടങ്ങിയവയ്ക്കായി 15-ലധികം പ്രത്യേക എഐ ഏജന്റുകളെ ഏകോപിപ്പിക്കുന്ന സംവിധാനമാണിത്.
ധനകാര്യ വിവരങ്ങളെ അടിസ്ഥാനമാക്കി മൂല്യനിർണയങ്ങളും സാമ്പത്തിക മാതൃകകളും റിപ്പോർട്ടുകളും തയ്യാറാക്കുന്ന സാങ്കേതികവിദ്യകൾ ഫെയർവാല്യുവേഷൻ ഡോട്ട് കോമും പ്രദർശിപ്പിക്കും.
ബാങ്കുകളുടെ നിർണായക സംവിധാനങ്ങൾക്കൊപ്പം സുരക്ഷിതമായി എഐ പ്രവർത്തിപ്പിക്കുന്നതിനുള്ള ഓപ്പൺ ഹൈബ്രിഡ് ക്ലൗഡ് പരിഹാരങ്ങളാണ് റെഡ് ഹാറ്റ് അവതരിപ്പിക്കുക. അതേസമയം, രഹസ്യ വിവരങ്ങൾ അതത് സ്ഥാപനങ്ങളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ സംയുക്ത മെഷീൻ ലേണിങ് മാതൃകകൾ പരിശീലിപ്പിക്കാൻ സഹായിക്കുന്ന സംവിധാനം യുഎഇ ആസ്ഥാനമായ ഫെഡ്ട്യൂണ പരിചയപ്പെടുത്തും.
അബുദാബി ആസ്ഥാനമായ സൂഖ്വ്യൂ, നിക്ഷേപ ആപ്പിന്റെ പുതിയ പതിപ്പായ ‘സൂഖ്വ്യൂ വി2’യുടെ പ്രിവ്യൂ അവതരിപ്പിക്കും. സ്വന്തം പണം നിക്ഷേപിക്കുന്നതിന് മുമ്പ് പുതുമുഖ നിക്ഷേപകർക്ക് സാമ്പത്തിക അറിവ് വളർത്താൻ എഐയും ഗെയിം രീതിയിലുള്ള പഠനവും എങ്ങനെ സഹായിക്കുമെന്ന് ഇതിലൂടെ കാണിക്കും.
400-ലധികം കമ്പനികളും 200-ലധികം നിക്ഷേപകരും
ഇൻഡി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എനേബിൾമെന്റ് ഹോസ്റ്റ് പാർട്ണറും മുബാദല കമ്പനിയായ സൊല്യൂഷൻസ് പ്ലസ് ഗ്ലോബൽ പാർട്ണറുമാണ്.
400-ലധികം എഐ സാങ്കേതിക കമ്പനികളും സ്റ്റാർട്ടപ്പുകളും, അമ്പതിലധികം സർക്കാർ സ്ഥാപനങ്ങളും, ഇരുപതിലധികം യൂണികോൺ കമ്പനികളും പരിപാടിയിൽ പങ്കെടുക്കും. ആകെ 10,000 കോടി യുഎസ് ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന ഇരുനൂറിലധികം നിക്ഷേപകരും 180-ലധികം അന്തർദേശീയ പ്രഭാഷകരും ഭാഗമാകും.
അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിൽ, ജി42, എഡബ്ല്യുഎസ്, അലിബാബ ക്ലൗഡ്, മിസ്ട്രൽ എഐ, ഡെൽ ടെക്നോളജീസ് തുടങ്ങിയ സ്ഥാപനങ്ങളും രണ്ടുദിവസത്തെ പരിപാടിയിൽ പങ്കെടുക്കും.

The app is incredibly smooth and the graphics are stunning. It makes the betting experience so much more immersive. Love 3366betapp.