ദുബായ്, ഒക്ടോബർ 13, 2026 : വിമാനത്താവള വികസനരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന സംവിധാനങ്ങളും പരിചയപ്പെടുത്തുന്ന 25-ാമത് എയർപോർട്ട് ഷോ 2026 ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ദുബായ് പോർട്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ഒക്ടോബർ 14 വരെ നടക്കുന്ന പ്രദർശനത്തിൽ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 150-ലേറെ പ്രദർശകർ പങ്കെടുക്കുന്നുണ്ട്. വിമാനത്താവളങ്ങളുടെ വികസനം, ഡിജിറ്റൽ പരിവർത്തനം, വ്യോമയാന സുരക്ഷ, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ പുതിയ സാങ്കേതികവിദ്യകളും ആധുനിക സംവിധാനങ്ങളുമാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം.
ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നത് തുടരുമെന്ന് ഷെയ്ഖ് മൻസൂർ വ്യക്തമാക്കി.
വ്യോമയാന മേഖലയുടെ കാര്യക്ഷമതയും മത്സരക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും ദുബായ് പ്രാധാന്യം നൽകുന്നുണ്ട്.
ആഗോള വിപണികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നതിലും വ്യോമയാന മേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനയാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ദുബായ് തുടർച്ചയായി നിക്ഷേപം നടത്തുകയാണ്. സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവം ഒരുക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും ഷെയ്ഖ് മൻസൂർ വ്യക്തമാക്കി.
വിമാനത്താവളങ്ങളുടെ ഭാവി വികസനത്തിനാവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം വ്യോമയാന മേഖലയിലെ രാജ്യാന്തര സഹകരണത്തിനും എയർപോർട്ട് ഷോ വേദിയൊരുക്കുന്നു.
