ദുബായ്, ഒക്ടോബർ 19, 2026 : ജോയ്ആലുക്കാസിന്റെ പുതിയ ആഭരണ ഷോറൂമായ ‘ജുവൽ ഓഫ് ജോയ്’ ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിൽ പ്രവർത്തനമാരംഭിച്ചു. 25,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഷോറൂം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണെന്ന് ഗ്രൂപ്പ് അറിയിച്ചു. യുഎഇയിലെ ഏകദേശം നാല് പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിന്റെ പുതിയ നാഴികക്കല്ലായാണ് ഈ സംരംഭത്തെ ജോയ്ആലുക്കാസ് അവതരിപ്പിക്കുന്നത്.
യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ഉദ്ഘാടനം നിർവഹിച്ചു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി, ഇത്ര ദുബായ് സിഇഒ ഇസ്സാം ഗലധാരി, ദുബായ് ഗോൾഡ് ഡിസ്ട്രിക്ട് സീനിയർ ഡയറക്ടർ–കൊമേഴ്സ്യൽ റാഷിദ് അൽ ഹർമൂദി, ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹീദ് അബ്ദുല്ല, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് തുടങ്ങിയവർ പങ്കെടുത്തു.
സ്വർണാഭരണങ്ങൾ, വിപുലമായ വിവാഹാഭരണ ശേഖരം, വജ്രാഭരണങ്ങൾ, അപൂർവ രത്നങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ആഭരണ അനുഭവകേന്ദ്രമായാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ജോയ്ആലുക്കാസിന്റെ 200-ലധികം ഷോറൂമുകളിൽനിന്ന് വ്യത്യസ്തമായ ആശയവും സൗകര്യങ്ങളുമാണ് ഇവിടെയുള്ളതെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. ‘ജുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസ്’ എന്ന പേര് ഇസ്സാം ഗലധാരി അനാവരണം ചെയ്തു.
സന്ദർശകർക്ക് ഉള്ളിലൂടെ നടന്നുപോകാവുന്ന കൂറ്റൻ വളയുടെ മാതൃകയായ ‘ദി റോയൽ ബാംഗിൾ വാക്ക്’ ആണ് പ്രധാന ആകർഷണം. പ്രത്യേക ഡിസൈനർ സ്റ്റുഡിയോ, പ്രീമിയം വിഐപി ലോഞ്ച്, കുട്ടികൾക്കായുള്ള വിനോദമേഖല, ആഭരണ പരിപാലന സേവനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ദുബായിന് നൽകുന്ന ആദരവും ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ സമ്മാനിക്കാനുള്ള വാഗ്ദാനവുമാണ് ‘ജുവൽ ഓഫ് ജോയ്’ എന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ഗ്രൂപ്പിന്റെ ഇതുവരെയുള്ള ഏറ്റവും വിപുലമായ ആഭരണ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭരണപ്രേമികൾക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് ജോൺ പോൾ ആലുക്കാസ്. യുഎഇ നിവാസികളെയും വിനോദസഞ്ചാരികളെയും പുതിയ ഷോറൂം സന്ദർശിക്കാൻ അദ്ദേഹം ക്ഷണിച്ചു.
