ദുബായ്,ഒക്ടോബർ 19,2026 : പന്ത്രണ്ടാമത് ലോക ഹരിത സമ്പദ്വ്യവസ്ഥാ ഉച്ചകോടി ഒക്ടോബർ 21, 22 തീയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. സുസ്ഥിര വികസനവും ഹരിത സമ്പദ്വ്യവസ്ഥയുടെ വളർച്ചയും ലക്ഷ്യമിടുന്ന ഉച്ചകോടി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), വേൾഡ് ഗ്രീൻ ഇക്കോണമി ഓർഗനൈസേഷൻ (WGEO) എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. സർക്കാർ പ്രതിനിധികൾ, നയരൂപകർത്താക്കൾ, അടിസ്ഥാനസൗകര്യ വികസന രംഗത്തെ പ്രമുഖർ, വ്യവസായ നേതാക്കൾ, സാമ്പത്തിക വിദഗ്ധർ, നിക്ഷേപകർ എന്നിവർ പങ്കെടുക്കും.
‘വിജയത്തിൽ നിന്ന് വ്യാപനത്തിലേക്ക്: ഹരിത സമ്പദ്വ്യവസ്ഥയുടെ നേട്ടങ്ങൾ’ (From Success to Scale: Showcasing the Green Economy) എന്നതാണ് ഇത്തവണത്തെ പ്രമേയം. വിജയകരമായി നടപ്പാക്കിയ ഹരിത പദ്ധതികളെ കൂടുതൽ വിപുലീകരിക്കാനും വിവിധ രാജ്യങ്ങളിൽ പ്രായോഗികമാക്കാനും ആവശ്യമായ മാർഗങ്ങൾ ചർച്ച ചെയ്യും.
സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി, ബാറ്ററി സംഭരണം, വൈദ്യുത വാഹനങ്ങൾ, ഊർജകാര്യക്ഷമത തുടങ്ങിയ മേഖലകളിൽ ഒരുകാലത്ത് പരീക്ഷണഘട്ടത്തിലായിരുന്ന സാങ്കേതികവിദ്യകൾ ഇപ്പോൾ വലിയ വാണിജ്യ പദ്ധതികളായി വളർന്നിട്ടുണ്ട്. ഇത്തരം പദ്ധതികൾ കൂടുതൽ വേഗത്തിൽ നടപ്പാക്കുക, നിക്ഷേപച്ചെലവ് കുറയ്ക്കുക, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആവശ്യമായ നൈപുണ്യവും വിതരണശൃംഖലയും ഉറപ്പാക്കുക എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാനും DEWA മാനേജിങ് ഡയറക്ടറും സിഇഒയും WGEO ചെയർമാനുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു: ഹരിത സമ്പദ്വ്യവസ്ഥയിലെ വിജയകരമായ മാതൃകകൾ കൂടുതൽ വിപുലീകരിക്കുകയും അവയുടെ പ്രയോജനം വിവിധ മേഖലകളിലേക്ക് എത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. സർക്കാരുകളും സ്വകാര്യ മേഖലയും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സാമ്പത്തിക സംവിധാനങ്ങളും വികസിപ്പിക്കുകയും വേണം. ആഗോള ഹരിത സമ്പദ്വ്യവസ്ഥയുടെ വാർഷിക മൂല്യം അഞ്ച് ട്രില്യൺ യുഎസ് ഡോളർ കവിഞ്ഞതായും 2030-ഓടെ ഇത് ഏഴ് ട്രില്യൺ ഡോളറിലധികമാകുമെന്നാണ് കണക്കുകളെന്നും അൽ തായർ ചൂണ്ടിക്കാട്ടി. ഹരിത പദ്ധതികൾക്ക് ആവശ്യമായ ധനസഹായം ഉറപ്പാക്കുകയും വിജയകരമായ മാതൃകകൾ കൂടുതൽ വിപണികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പ്രധാന മേഖലകളിൽ ചർച്ചകൾ
ഊർജ സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും, ബിസിനസ് തന്ത്രങ്ങളും പരിവർത്തനവും, ജല-ഭക്ഷ്യസുരക്ഷ, ധനകാര്യം എന്നിവയാണ് ഉച്ചകോടിയിലെ നാല് പ്രധാന വിഷയങ്ങൾ. കൃത്രിമബുദ്ധി, ഭരണസംവിധാനങ്ങൾ, വിതരണശൃംഖലകൾ, വൃത്താകാര സമ്പദ്വ്യവസ്ഥ എന്നിവയും വിവിധ മേഖലകളിലുടനീളം ചർച്ച ചെയ്യും.
വൈദ്യുതിയുടെ വർധിച്ചുവരുന്ന ആവശ്യകത, വ്യവസായ വളർച്ച, കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകളുടെ വ്യാപനം എന്നിവയുടെ പശ്ചാത്തലത്തിൽ ശുദ്ധ ഊർജത്തിന്റെ ഉൽപ്പാദനവും സംഭരണവും എങ്ങനെ വികസിപ്പിക്കാമെന്നത് പ്രധാന ചർച്ചാവിഷയമാകും. ഹരിത ഹൈഡ്രജൻ, ആണവോർജം തുടങ്ങിയ സാങ്കേതികവിദ്യകളുടെ സാധ്യതകളും വിലയിരുത്തും.
മേഖലയിൽ പുനരുപയോഗ ഊർജത്തിന് വൻ വളർച്ച
2025 അവസാനത്തോടെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ പ്രവർത്തനക്ഷമമായ പുനരുപയോഗ ഊർജശേഷി 43.7 ഗിഗാവാട്ടിലെത്തി. ഒരു വർഷത്തിനിടെ 13.4 ഗിഗാവാട്ടിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഏകദേശം 44 ശതമാനമാണ് വളർച്ച. ഇതിൽ 34.5 ഗിഗാവാട്ട് സൗരോർജത്തിൽ നിന്നും 7.4 ഗിഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജത്തിൽ നിന്നുമാണ്. മേഖലയിൽ ആസൂത്രണം ചെയ്തതും വികസനഘട്ടത്തിലുള്ളതുമായ പദ്ധതികളുടെ ശേഷി ഏകദേശം 202 ഗിഗാവാട്ടിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 54 ശതമാനമാണ് വർധന.
സൗരോർജ പദ്ധതികളുടെയും കാറ്റാടി വൈദ്യുതിയുടെയും ചെലവ് കുറയുന്നതും ബാറ്ററി സംഭരണ സംവിധാനങ്ങളുടെ വളർച്ചയും ഹരിത ഊർജത്തിന്റെ വ്യാപനത്തിന് സഹായകമാകുന്നുണ്ട്. 2010 മുതൽ സൗരോർജ പാനലുകളുടെയും ലിഥിയം ബാറ്ററികളുടെയും ചെലവ് ഏകദേശം 90 ശതമാനം കുറഞ്ഞതായി വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഹരിത സാങ്കേതികവിദ്യകളെ വാണിജ്യപരമായി പ്രയോജനകരമായ പദ്ധതികളാക്കി മാറ്റുന്നതിനും നിക്ഷേപകരെയും സാങ്കേതികവിദ്യാ രംഗത്തെയും ബന്ധിപ്പിക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും ഉച്ചകോടി വേദിയൊരുക്കും. സുസ്ഥിരവും സാമ്പത്തികമായി മത്സരക്ഷമവുമായ ഹരിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ആഗോള സഹകരണം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
