ഷാർജ: ജിസിസിയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ വ്യവസായ, സർക്കാർ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ മേഖലയിലെ മുൻനിര ഗവേഷണ, നവീകരണ സ്ഥാപനങ്ങളിലൊന്നായ ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കുമായി (സ്പാർക്ക്) മാസ്റ്റർ റിസർച്ച് സഹകരണ കരാറിൽ ഒപ്പുവച്ചു. ആരോഗ്യസംരക്ഷണത്തിൽ അത്യാധുനിക ഗവേഷണവും നവീകരണവും ശക്തമാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
മെഡിക്കൽ ഗവേഷണം, ബയോടെക്നോളജി, ഹെൽത്ത് കെയർ ഇന്നൊവേഷൻ എന്നിവയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി ആഗോള വിദഗ്ധർ, അക്കാദമിക് വ്യക്തിത്വങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന രണ്ട് ദിവസത്തെ ഷാർജ നെക്സ്റ്റ് ഹെൽത്ത് കെയർ ഫോറത്തിന്റെ ഭാഗമായാണ് കരാറിൽ ഒപ്പുവെച്ചത്.
ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് (സ്പാർക്ക്) സിഇഒ ഹിസ് എക്സലൻസി ഹുസൈൻ അൽ മഹമൂദിയും, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലിഷ മൂപ്പനും ചേർന്ന് കരാറിൽ ഒപ്പുവച്ചു. സ്പാർക്ക് പ്രസിഡന്റും ചെയർപേഴ്സണുമായ ഹെർ ഹൈനസ് ഷൈഖ ബോദോർ അൽ ഖാസിമിയും, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചീഫ് മെഡിക്കൽ ആൻഡ് ക്വാളിറ്റി ഓഫീസർ ഡോ. മാലതി അർഷനാപാലെയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യ, ക്ലിനിക്കൽ ഇന്നൊവേഷൻ, മേഖലയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സുസ്ഥിര പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംയുക്ത ഗവേഷണ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ സഹകരണം അടയാളപ്പെടുത്തുന്നത്.
മെഡിക്കൽ സാങ്കേതികവിദ്യ വികസനം, ബയോ-ഇന്നൊവേഷൻ, രോഗ നിർണ്ണയത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന ഡാറ്റ നയിക്കുന്ന ആരോഗ്യ പരിരക്ഷാ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണ പദ്ധതികൾ നടത്താൻ ഈ കരാറിന് കീഴിൽ, ആസ്റ്ററും, സ്പാർക്കും ഒരുമിച്ച് പ്രവർത്തിക്കും. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായം, ക്ലിനിക്കൽ പ്രാക്ടീസ് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു നവീകരണ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനും ഗവേഷണത്തെ യഥാർത്ഥ ലോകത്തിനാവശ്യമായ നിലയിൽ പരിവർത്തിപ്പിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
സഹകരണ ഗവേഷണത്തിലൂടെയും അറിവ് പങ്കിടുന്നതിലൂടെയും ആരോഗ്യ സംരക്ഷണ മേഖലയുടെ നവീകരണത്തെ മുന്നിൽ നിന്ന് നയിക്കാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയും സ്പാർക്ക് ബോർഡ് അംഗവുമായ അലീഷ മൂപ്പൻ പറഞ്ഞു. ആസ്റ്ററിന്റെ ക്ലിനിക്കൽ വൈദഗ്ദ്ധ്യം എസ്ആർടിഐപിയുടെ കരുത്തുറ്റ ഇന്നൊവേഷൻ സംവിധാനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടാണ് ഈ പങ്കാളിത്തം മുന്നോട്ട് പോവുക. ഇതിലൂടെ രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ മികവിനും ഗവേഷണ നേതൃത്വത്തിലുള്ള നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉയർത്തുന്നതിന് പുതിയ സാങ്കേതികവിദ്യകളും പരിചരണ മോഡലുകളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അലീഷ മൂപ്പൻ വ്യക്തമാക്കി.
ലോകോത്തര ആരോഗ്യ പരിരക്ഷാ ദാതാക്കളെ നമ്മുടെ നവീകരണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ അധ്യായത്തെ ഈ പങ്കാളിത്തം അടയാളപ്പെടുത്തുന്നുവെന്ന് സ്പാർക്കിലെ ഗവൺമെന്റ് ആൻഡ് കോർപ്പറേറ്റ് പാർട്ണർഷിപ്പ് ഡയറക്ടർ ഡോ. അസ്മ മഹ്മൂദ് ഫിക്രി പറഞ്ഞു. ക്ലിനിക്കൽ മികവ്, പ്രാദേശിക ആരോഗ്യ പരിചരണ വിതരണം എന്നിവയിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ പ്രാവീണ്യം ഞങ്ങളുടെ സംയുക്ത ഗവേഷണ വികസന ശ്രമങ്ങൾക്ക് കരുത്തേകുന്നു. ഇത് മൂല്യവത്തായ യഥാർത്ഥ ലോക വീക്ഷണം നൽകുകയും, ഗവേഷണങ്ങളെ രോഗികൾക്കാവശ്യമായ വ്യക്തമായ ഫലങ്ങളിലേക്ക് വിവർത്തനം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി.
ബൗദ്ധിക സ്വത്തവകാശ പരിപാലനം, ഡാറ്റ സംരക്ഷണം, രഹസ്യാത്മകത, ഗവേഷണ ഫലങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന സഹകരണത്തിനുള്ള വ്യക്തമായ ചട്ടക്കൂട് മാസ്റ്റർ റിസർച്ച് സഹകരണ കരാർ രൂപപ്പെടുത്തുന്നു. സഹകരണ ഗവേഷണത്തിൽ നിന്ന് ഉണ്ടാകുന്ന പുതിയ ആശയങ്ങൾ വികസിപ്പിക്കാനും വാണിജ്യവൽക്കരിക്കാനുമുള്ള അവകാശം ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ഉണ്ടായിരിക്കും, അതേസമയം രണ്ട് സ്ഥാപനങ്ങളും യുഎഇയുടെ ഡാറ്റാ സംരക്ഷണവും ധാർമ്മിക ഗവേഷണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
യുഎഇയിലെ അടുത്ത തലമുറയിലെ ഗവേഷകർക്കും ക്ലിനിക്കുകൾക്കും പിന്തുണ നൽകിക്കൊണ്ട് സംയുക്ത അക്കാദമിക് സംരംഭങ്ങൾ, ഇന്നൊവേഷൻ ആക്സിലറേഷൻ പ്രോഗ്രാമുകൾ, ടാലന്റ് ഡെവലപ്മെന്റ് എന്നിവയ്ക്കുള്ള അവസരങ്ങളും ഈ പങ്കാളിത്തം നൽകും.
സ്പാർക്കും ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും തമ്മിലുള്ള ഈ സഹകരണം യുഎഇയിൽ കൂടുതൽ സുസ്ഥിരവും മികച്ച ഭാവി ലക്ഷ്യമിട്ടുളള ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഗവേഷണം, പുതിയ ആശയങ്ങൾ, സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള പങ്കിട്ട കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.

