ദുബായ് ,സെപ്റ്റംബർ 2,2026 :വ്യോമയാന മേഖലയിലെ കമ്പനികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ദുബായ് സൗത്തിലെ മുഹമ്മദ് ബിൻ റാഷിദ് എയ്റോസ്പേസ് ഹബ് (MBRAH) പുതിയ സപ്ലയേഴ്സ് കോംപ്ലക്സ് ഒരുക്കുന്നു. നിർമാണം പുരോഗമിക്കുന്ന പുതിയ സമുച്ചയം 2026 അവസാനത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിലവിലെ സപ്ലയേഴ്സ് കോംപ്ലക്സിന്റെ വിജയത്തെ തുടർന്നാണ് പുതിയ സൗകര്യം ഒരുക്കുന്നത്. മേഖലയിലെ ആദ്യത്തെ വെർട്ടിക്കൽ എയ്റോസ്പേസ് കോംപ്ലക്സായ നിലവിലെ സമുച്ചയത്തിന് പുറമെ, എയ്റോസ്പേസ് സപ്ലൈ ചെയിൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
മൂന്ന് നിലകളിലായി 88 വാടക യൂണിറ്റുകളാണ് പുതിയ സമുച്ചയത്തിൽ ഒരുക്കുന്നത്. വിമാന പരിപാലന സേവനദാതാക്കൾ, വിമാന ഭാഗങ്ങളുടെ വ്യാപാരികൾ, എയ്റോസ്പേസ് കമ്പനികൾ തുടങ്ങിയവയ്ക്ക് ഇവിടെ പ്രവർത്തിക്കാനാകും. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കും ആവശ്യാനുസരണം ഉപയോഗിക്കാവുന്ന സൗകര്യപ്രദമായ ഇടങ്ങൾ ഒരുക്കുന്നതിനാണ് പ്രധാന പരിഗണന.
വ്യോമയാന മേഖലയിലെ കമ്പനികൾ ദുബായിൽ പ്രവർത്തനം ആരംഭിക്കാനും വിപുലീകരിക്കാനും കൂടുതൽ സൗകര്യപ്രദവും വഴക്കമുള്ളതുമായ ഇടങ്ങൾ തേടുന്നതാണ് പുതിയ പദ്ധതിയുടെ ആവശ്യകത വർധിപ്പിച്ചതെന്ന് MBRAH സിഇഒ തഹ്നൂൻ സെയ്ഫ് പറഞ്ഞു.
ലോകത്തെ പ്രമുഖ എയർലൈനുകൾ, സ്വകാര്യ ജെറ്റ് കമ്പനികൾ, വിമാന പരിപാലന-റിപ്പയർ സ്ഥാപനങ്ങൾ (MRO), അനുബന്ധ വ്യവസായങ്ങൾ എന്നിവയ്ക്ക് ആഗോളതലത്തിലുള്ള മികച്ച കണക്ടിവിറ്റിയുള്ള ഫ്രീസോൺ കേന്ദ്രമാണ് MBRAH.
