അബുദാബി,ഒക്ടോബർ 15,2026: അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് അൽ ദഫ്റ ഈന്തപ്പഴോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഒക്ടോബർ 16 മുതൽ 25 വരെ അൽ ദഫ്റ മേഖലയിലെ മദീനത്ത് സായിദിലാണ് ഉത്സവം നടക്കുന്നത്. അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. കുവൈത്താണ് ഇത്തവണത്തെ അതിഥി രാജ്യം.
യുഎഇയും കുവൈത്തും തമ്മിലുള്ള ദീർഘകാല സാഹോദര്യ ബന്ധത്തിന്റെയും പങ്കിട്ട സാംസ്കാരിക പൈതൃകത്തിന്റെയും പ്രതിഫലനമാണ് കുവൈത്തിന്റെ പങ്കാളിത്തം. കുവൈത്തിന്റെ വിവിധ പൈതൃക സവിശേഷതകൾ അടുത്തറിയാനും ഇരു രാജ്യങ്ങളിലെയും പങ്കാളികൾക്ക് ആശയങ്ങളും വൈദഗ്ധ്യവും കൈമാറാനും ഉത്സവം അവസരമൊരുക്കും. ഉത്സവത്തിൽ 22 മത്സരങ്ങളിലായി 180 സമ്മാനങ്ങൾ വിതരണം ചെയ്യും. ആകെ 46 ലക്ഷം ദിർഹമാണ് സമ്മാനത്തുക. ദിവസേന ഈന്തപ്പഴ ലേലവും പൈതൃക, സാംസ്കാരിക, കുടുംബ പരിപാടികളും നടക്കും. ഇത്തവണ ആദ്യമായി ഈന്തപ്പനകളുടെ ലേലവും സംഘടിപ്പിക്കുന്നുണ്ട്.
ഈന്തപ്പനയുമായി ബന്ധപ്പെട്ട പൈതൃകം സംരക്ഷിക്കുകയും യുഎഇയുടെ ദേശീയ സ്വത്വത്തിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഉത്സവം പ്രതിഫലിപ്പിക്കുന്നതെന്ന് അബുദാബി ഹെറിറ്റേജ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഒബൈദ് ഖൽഫാൻ അൽ മസ്റൂയി പറഞ്ഞു. പ്രാദേശിക ഈന്തപ്പഴ ഉൽപാദകരെ പിന്തുണയ്ക്കുന്നതിനും എമിറാത്തി ഈന്തപ്പഴങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും പരിചയപ്പെടുത്തുന്നതിനും ഉത്സവം വേദിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് പരസ്പരം വൈദഗ്ധ്യം പങ്കുവയ്ക്കാനും ഉൽപന്നങ്ങൾ വിപണനം ചെയ്യാനും ഉത്സവം അവസരമൊരുക്കും. തേൻ ഉൽപാദകർ, കരകൗശല വിദഗ്ധർ, ഉൽപാദക കുടുംബങ്ങൾ, എമിറാത്തി സംരംഭകർ എന്നിവർക്കും പിന്തുണ നൽകുന്നതാണ് പരിപാടി. പ്രാദേശിക ഈന്തപ്പന ഇനങ്ങൾ സംരക്ഷിക്കുക, അപൂർവ ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യസുരക്ഷയ്ക്ക് സഹായകമാകുന്ന സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയും ഉത്സവത്തിന്റെ ലക്ഷ്യങ്ങളാണ്. ഇതോടൊപ്പം വിനോദസഞ്ചാര മേഖലയെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെയും പിന്തുണയ്ക്കാനും പരിപാടി ലക്ഷ്യമിടുന്നു.
ഈന്തപ്പഴ മത്സരങ്ങൾ
അൽ ദഫ്റ ഈന്തപ്പഴോത്സവം ഡയറക്ടർ റാഷിദ് ഖാദിം അൽ റുമൈത്തി പറയുന്നതനുസരിച്ച്, ഈന്തപ്പഴത്തിന്റെ ഗുണനിലവാരവും സൗന്ദര്യവും വിലയിരുത്തുന്ന ഏഴ് മത്സരങ്ങളാണ് പ്രധാനമായും നടക്കുന്നത്. അൽ ദഫ്റ എലൈറ്റ്, ഫർദ്, സംലി, ദബ്ബാസ്, ബൂമാൻ, ഖലാസ്, ഷിഷി എന്നിവയാണ് വിഭാഗങ്ങൾ. ഇതിന് പുറമെ രണ്ട് ഈന്തപ്പഴ പാക്കേജിങ് മത്സരങ്ങളും ഉണ്ടാകും. സ്വാഭാവിക ഈന്തപ്പഴങ്ങൾക്കായുള്ളതും അധിക ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഈന്തപ്പഴങ്ങൾക്കായുള്ളതുമാണ് ഈ വിഭാഗങ്ങൾ.
തേൻ മത്സരവും ലേലവും
തേൻ മത്സരത്തിൽ അഞ്ച് വിഭാഗങ്ങളുണ്ട് — സിദർ തേൻ, സമർ തേൻ, ദ്രാവക തേൻ, തേൻകട്ട, ക്രിസ്റ്റലൈസ്ഡ് തേൻ. ദിവസേന നടക്കുന്ന ഈന്തപ്പഴ ലേലം വൈകിട്ട് 5 മണിക്ക് ആരംഭിക്കും. മികച്ച പ്രാദേശിക ഉൽപന്നങ്ങൾ കർഷകർക്ക് പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും അതുവഴി അവയുടെ സാമ്പത്തിക മൂല്യം വർധിപ്പിക്കാനും ലേലം സഹായിക്കും. പുതുതായി ഉൾപ്പെടുത്തിയ ഈന്തപ്പന ലേലത്തിലൂടെ പ്രാദേശിക ഇനങ്ങളെ സംരക്ഷിക്കുക, അപൂർവവും വാണിജ്യപരമായി മൂല്യമുള്ളതുമായ ഇനങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുക, കർഷകർക്കും ഈന്തപ്പന കൃഷിയിൽ താൽപര്യമുള്ളവർക്കും അവ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
പാചകം, ഫോട്ടോഗ്രഫി, ചിത്രരചന
ഈന്തപ്പഴം, ഈന്തപ്പഴ ഉൽപന്നങ്ങൾ, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ചുള്ള പാചകത്തിനായുള്ള അന്താരാഷ്ട്ര മത്സരവും ഉത്സവത്തിലുണ്ടാകും. ഹോട്ടൽ പാചകവിദഗ്ധരും ഉൽപാദക കുടുംബങ്ങളുടെ പ്രതിനിധികളും ഇതിൽ പങ്കെടുക്കും. ഫോട്ടോഗ്രഫി പുരസ്കാര മത്സരത്തിൽ ഈന്തപ്പനകളും ഈന്തപ്പഴങ്ങളും, സമുദ്രജീവിതം, അൽ ദഫ്റയിലെ വന്യജീവികൾ എന്നിങ്ങനെ മൂന്ന് വിഷയങ്ങളാണുള്ളത്. തത്സമയ ചിത്രരചനാ മത്സരത്തിൽ ഈന്തപ്പനകളും ഈന്തപ്പഴങ്ങളും, അൽ ദഫ്റയിലെ വന്യജീവികളും സമുദ്രജീവിതവും എന്നീ രണ്ട് വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത അറിവ്, കഴിവുകൾ, ആചാരങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പൈതൃക ശിൽപശാലകൾ, പൊതുമത്സരങ്ങൾ, തത്സമയ കലാപരിപാടികൾ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടക്കും. കർഷകരെയും ഉൽപാദകരെയും കലാകാരന്മാരെയും മത്സരങ്ങളിൽ പങ്കെടുക്കാൻ റാഷിദ് അൽ റുമൈത്തി ക്ഷണിച്ചു. ഫലക് അൽ നമൂസ് എന്ന ആപ്ലിക്കേഷൻ വഴി മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഉത്സവത്തിലെ ലേലങ്ങളിലും സാംസ്കാരിക പരിപാടികളിലും പൊതുജനങ്ങൾ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
