ദുബായ്, ഒക്ടോബർ 19, 2026: ചരിത്രവും ഭൂമിശാസ്ത്രവും കുടുംബബന്ധങ്ങളും പൊതുവായ സ്വപ്നങ്ങളും ഗൾഫ് ജനതയെ ഒന്നിപ്പിക്കുന്നുവെന്ന സന്ദേശവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ പുതിയ പുസ്തകമായ ‘ലെറ്റേഴ്സി’ലെ ഭാഗം പങ്കുവെച്ചുകൊണ്ടാണ് ഗൾഫ് ഐക്യത്തെ അദ്ദേഹം ‘ഏറ്റവും മനോഹരമായ സ്വപ്നം’ എന്ന് വിശേഷിപ്പിച്ചത്.
ചെറിയ പട്ടണങ്ങളിൽനിന്ന് ലോകനഗരങ്ങളിലേക്കും മത്സ്യബന്ധന തുറമുഖങ്ങളിൽനിന്ന് രാജ്യാന്തര കപ്പൽപാതകളിലേക്കും വളർന്ന ഗൾഫിന്റെ യാത്രയെ ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു. മുത്തുവാരലിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങൾ തേടുന്ന നിലയിലേക്ക് മേഖല ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സമ്പത്ത് സൃഷ്ടിക്കാനും സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കാനും ലോകത്തിലെ പ്രധാന പരിപാടികൾക്ക് വേദിയാകാനും ഗൾഫ് രാജ്യങ്ങൾക്ക് കഴിഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്ന ഊർജം നൽകുന്നതിലും മേഖല നിർണായക പങ്കുവഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മനുഷ്യരിൽ നടത്തിയ നിക്ഷേപമാണ് ഗൾഫിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മാതൃരാജ്യങ്ങളോടുള്ള സ്നേഹം ശക്തിപ്പെടുത്തിയതിനൊപ്പം ഇവിടെ എത്തിയവർക്കും ജോലി ചെയ്തവർക്കും വളർച്ചയുടെ ഭാഗമായവർക്കുമിടയിൽ സഹവർത്തിത്വവും സഹിഷ്ണുതയും വളർത്താനായതും അദ്ദേഹം എടുത്തുപറഞ്ഞു.
ഗൾഫ് ജനതയെ ഒരുമിപ്പിക്കുന്ന ബന്ധങ്ങളും സന്ദേശത്തിൽ അദ്ദേഹം വിശദീകരിച്ചു. ചരിത്രം അവരെ പരസ്പരം ബന്ധിപ്പിക്കുന്നു; കടലും മരുഭൂമിയും ഒരേ ഭൂമിശാസ്ത്രത്തിന്റെ ഭാഗമാക്കുന്നു. കുടുംബബന്ധങ്ങളും പൊതുവായ വേരുകളും ഈ അടുപ്പം കൂടുതൽ ശക്തമാക്കുന്നു. ഉയർന്ന അഭിലാഷങ്ങളും ഒരേ ലക്ഷ്യങ്ങളുമാണ് ഗൾഫ് ജനത പങ്കിടുന്നതെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
