ദുബായ്,സെപ്റ്റംബർ 7,2026 : ദുബായിലെ ചെറുകിട–ഇടത്തരം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കാൻവ യുടെ നൂതന ഡിസൈൻ ടൂളുകൾ ഒരു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമി ആണ് ‘ബിസിനസ് ഇൻ ദുബായ്’ പ്ലാറ്റ്ഫോം വഴി സൗകര്യം ഒരുക്കുന്നത്.
ദുബായ് ചേംബർ ഓഫ് കോമേഴ്സ് അംഗങ്ങളായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഓഫർ ലഭിക്കുക. സോഷ്യൽ മീഡിയ പോസ്റ്റുകൾ, പ്രസന്റേഷനുകൾ, വെബ്സൈറ്റുകൾ, വിഡിയോകൾ തുടങ്ങിയവ തയ്യാറാക്കാൻ സഹായിക്കുന്ന കാൻവ ബിസിനസിന്റെ വിവിധ ടൂളുകൾ സൗജന്യമായി ഉപയോഗിക്കാം. എ ഐ സഹായത്തോടെ ഡിസൈൻ ചെയ്യാനും ഉള്ളടക്കം തയ്യാറാക്കാനും കഴിയും. ഡിസൈൻ രംഗത്ത് പ്രത്യേക പരിജ്ഞാനം ഇല്ലാത്തവർക്കും പ്രൊഫഷണൽ നിലവാരത്തിലുള്ള ഉള്ളടക്കം എളുപ്പത്തിൽ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കും. ഒരു സ്ഥാപനത്തിന് 50 ജീവനക്കാരെ വരെ കാൻവ ബിസിനസ് സേവനത്തിൽ ഉൾപ്പെടുത്താം. ദുബായിലെ ചെറുകിട–ഇടത്തരം സ്ഥാപനങ്ങളുടെ ഡിജിറ്റൽ വളർച്ചയ്ക്ക് പദ്ധതി സഹായകരമാകുമെന്നു ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമി വൈസ് പ്രസിഡന്റ് സഈദ് അൽ ഗർഗാവി പറഞ്ഞു, ദുബായ് ട്രേഡ് ലൈസൻസുള്ള കമ്പനികൾക്കും ഈ സൗകര്യം ഉടൻ ലഭ്യമാക്കും.അടുത്ത അഞ്ച് വർഷത്തിനിടെ 2.5 ലക്ഷം ഡിജിറ്റൽ എസ്എംഇകളെയും വ്യക്തികളെയും പിന്തുണയ്ക്കുകയാണ് ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമിയും കാൻവയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ലക്ഷ്യം.
