ദുബായ്, ഒക്ടോബർ 21, 2026 : സുസ്ഥിര അടിസ്ഥാനസൗകര്യ വികസനം, മാലിന്യസംസ്കരണം, നിർമാണരംഗത്തെ നവീകരണം, പൊതുജനാരോഗ്യം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതികളുമായി ദുബായ് മുനിസിപ്പാലിറ്റി വെറ്റെക്സ് 2026ൽ. ഒക്ടോബർ 20 മുതൽ 22 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജല, ഊർജ, സാങ്കേതികവിദ്യ, പരിസ്ഥിതി പ്രദർശനത്തിന്റെ 28-ാം പതിപ്പിലാണ് പദ്ധതികൾ അവതരിപ്പിക്കുന്നത്.
റോബോട്ടിക് നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വില്ല, പ്ലാസ്റ്റിക് കുപ്പികളെ സ്കൂൾ ബാഗുകളാക്കി മാറ്റുന്ന ‘ബോട്ടിൽ2ബാഗ്’, മാലിന്യസംസ്കരണം നിരീക്ഷിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം, നിർമിതബുദ്ധി അധിഷ്ഠിത ആരോഗ്യ–സുരക്ഷാ നിരീക്ഷണ സംവിധാനം തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാനസൗകര്യങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം. ഡിജിറ്റൽ സംവിധാനങ്ങളും നിർമിതബുദ്ധിയും വിവരവിശകലനവും ഉപയോഗിച്ച് മേൽനോട്ടവും നിർമാണരീതികളും പൊതുസുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പ്രദർശിപ്പിക്കുന്നു.
ദുബായുടെ നഗരവളർച്ചയും പരിസ്ഥിതി വെല്ലുവിളികളും നേരിടാൻ അടിസ്ഥാനസൗകര്യങ്ങളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി വേസ്റ്റ് ആൻഡ് സീവറേജ് ഏജൻസി സിഇഒ എൻജിനീയർ ആദിൽ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു. മാലിന്യസംസ്കരണത്തിലെ മേൽനോട്ടം ശക്തിപ്പെടുത്താനും മൂല്യമുള്ള വസ്തുക്കൾ വീണ്ടെടുത്ത് ഉപയോഗിക്കാനും പദ്ധതികൾ സഹായിക്കും.
ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബായ് സംയോജിത മാലിന്യസംസ്കരണ തന്ത്രം 2021–2041, യുഎഇ സർക്കുലർ ഇക്കോണമി പോളിസി 2031 എന്നിവയുടെ ലക്ഷ്യങ്ങൾക്കും ഈ പ്രവർത്തനങ്ങൾ പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാലിന്യസംസ്കരണത്തിന് ഏകീകൃത ഡിജിറ്റൽ സംവിധാനം
മാലിന്യസംസ്കരണ മേഖലയിലെ സുതാര്യതയും നിയമാനുസൃത പ്രവർത്തനവും ഉറപ്പാക്കുന്നതിനാണ് ‘വേസ്റ്റ് ജനറേറ്റർ പ്ലാറ്റ്ഫോം’ അവതരിപ്പിക്കുന്നത്. അംഗീകൃത മാലിന്യ ഗതാഗത കമ്പനികൾക്ക് മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളുമായുള്ള കരാറുകൾ ഈ ഏകീകൃത സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.
സ്ഥാപനങ്ങളുടെ സ്ഥാനം, പ്രവർത്തനങ്ങൾ, ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ ഇനങ്ങൾ, മാലിന്യ കണ്ടെയ്നറുകളുടെ എണ്ണം, സംഭരണശേഷി തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തും. സമഗ്രമായ വിവരശേഖരം രൂപപ്പെടുത്തുന്നതിലൂടെ കരാർ നടപടികൾ ഏകീകരിക്കാനും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും സാധിക്കും.
തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്ററാക്ടീവ് ഡാഷ്ബോർഡ് ആസൂത്രണത്തിനും തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കും. വിവരങ്ങളുടെ രജിസ്ട്രേഷൻ, പരിശോധന, വിശകലനം എന്നിവയ്ക്ക് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ഓപ്പറേഷൻസ് വിഭാഗത്തിലെ പ്രത്യേക സംഘം മേൽനോട്ടം വഹിക്കും.
20 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ‘ബോട്ടിൽ2ബാഗ്’
ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളെ സ്കൂൾ ബാഗുകളാക്കി മാറ്റുന്ന പദ്ധതിയാണ് ‘ബോട്ടിൽ2ബാഗ്’. പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ മൂല്യത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള ഉപഭോഗത്തെക്കുറിച്ചും സമൂഹത്തിൽ അവബോധം വളർത്തുന്നതും പദ്ധതിയുടെ ഭാഗമാണ്.
ഇതുവരെ 20 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ പദ്ധതിയിലൂടെ ശേഖരിച്ച് പുനഃസംസ്കരിച്ചു. ഏകദേശം 40 ടൺ പ്ലാസ്റ്റിക്കിന് തുല്യമാണിത്. പദ്ധതിയുടെ പരിസ്ഥിതി–സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളിൽ 90ലധികം സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്മാർട്ട് ശേഖരണ ഉപകരണങ്ങൾ, മുനിസിപ്പാലിറ്റിയുടെയും പങ്കാളി സ്ഥാപനങ്ങളുടെയും കേന്ദ്രങ്ങളിലുള്ള 11 റിവേഴ്സ് വെൻഡിങ് മെഷീനുകൾ, പൊതുബീച്ചുകളിലെ 20 പ്രത്യേക ശേഖരണ കണ്ടെയ്നറുകൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. താമസമേഖലകളിലെ ‘സ്മാർട്ട് സസ്റ്റൈനബിലിറ്റി ഒയാസിസ്’ എന്നറിയപ്പെടുന്ന 13 പുനരുപയോഗ വസ്തു ശേഖരണ കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാണ്.
പുതിയ അസംസ്കൃത വസ്തുക്കളിൽനിന്ന് പ്ലാസ്റ്റിക് നിർമിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഊർജ ഉപയോഗവും ഹരിതഗൃഹ വാതക പുറന്തള്ളലും കുറയ്ക്കാൻ പദ്ധതി സഹായിക്കുന്നു. മാലിന്യത്തിന്റെ 50 ശതമാനം പുനഃസംസ്കരിക്കുന്നതടക്കം, മുഴുവൻ മാലിന്യവും ലാൻഡ്ഫില്ലുകളിൽ എത്തുന്നത് ഒഴിവാക്കാൻ ലക്ഷ്യമിടുന്ന ദുബായ് സംയോജിത മാലിന്യസംസ്കരണ തന്ത്രത്തിനും ഇത് പിന്തുണ നൽകുന്നു.
ഉറവിടത്തിൽത്തന്നെ മാലിന്യം വേർതിരിക്കാൻ ‘സർക്കിൾ ദുബായ്’
മാലിന്യ ഉൽപാദനം കുറയ്ക്കാനും പുനഃസംസ്കരണം വർധിപ്പിക്കാനും ലക്ഷ്യമിടുന്ന ‘സർക്കിൾ ദുബായ്’ പദ്ധതിയും മുനിസിപ്പാലിറ്റി അവതരിപ്പിക്കുന്നു. വീടുകളുടെയും സമൂഹത്തിന്റെയും പങ്കാളിത്തത്തിലൂടെ മാലിന്യസംസ്കരണ ശീലങ്ങളിൽ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം.
2041ന് ശേഷവും തുടരുന്ന സമഗ്ര പരിവർത്തന പരിപാടിയുടെ ഭാഗമായ പദ്ധതിയിലൂടെ ദുബായിലെ എല്ലാ താമസമേഖലകളിലും മാലിന്യം ഉറവിടത്തിൽത്തന്നെ നൂറുശതമാനം വേർതിരിക്കാനാണ് ലക്ഷ്യമിടുന്നത്.
‘സീറോ വേസ്റ്റ്’ ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സംഘങ്ങളുടെയും നൂതന ആശയവിനിമയ സംവിധാനങ്ങളുടെയും സഹായത്തോടെ ബോധവത്കരണ–വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കും.
മഴവെള്ള നിർഗമനത്തിന് 3,000 കോടി ദിർഹത്തിന്റെ ‘തസ്രീഫ്’
ദുബായിലെ മഴവെള്ള നിർഗമന ശൃംഖല വികസിപ്പിക്കുന്നതിനായി 2024ൽ ആരംഭിച്ച ‘തസ്രീഫ്’ പദ്ധതിയും പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നു. 3,000 കോടി ദിർഹമാണ് പദ്ധതിയുടെ ആകെ നിക്ഷേപം.
ശൃംഖലയുടെ മഴവെള്ള നിർഗമനശേഷി 700 ശതമാനം വർധിപ്പിച്ച് പ്രതിദിനം രണ്ട് കോടി ഘനമീറ്ററിലധികം മഴവെള്ളം കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. 2033ൽ പൂർത്തിയാക്കാനാണ് പദ്ധതി നിശ്ചയിച്ചിരിക്കുന്നത്.
അതിതീവ്ര കാലാവസ്ഥയെയും ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെയും നേരിടാനുള്ള ദുബായുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ജീവനും സ്വത്തിനും നഗരത്തിലെ നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കും സംരക്ഷണം നൽകാനും പദ്ധതി സഹായിക്കും.
നിർമാണ സാമഗ്രികൾക്ക് ഡിജിറ്റൽ ‘പാസ്പോർട്ട്’
നിർമാണ സാമഗ്രികളുടെ സവിശേഷതകളും അവയുടെ ഉപയോഗചക്രത്തിലുടനീളമുള്ള വിവരങ്ങളും രേഖപ്പെടുത്തുന്ന സംവിധാനമാണ് ‘ബിൽഡിങ് മെറ്റീരിയൽസ് പാസ്പോർട്ട് പ്ലാറ്റ്ഫോം’.
രൂപകൽപന, ഉൽപാദനം, ഗതാഗതം, സ്ഥാപിക്കൽ, സംസ്കരണം, പൊളിച്ചുമാറ്റൽ, പുനരുപയോഗം, ഉപയോഗകാലാവധി അവസാനിച്ച ശേഷമുള്ള പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ ഉൾപ്പെടും.
സാമഗ്രികൾ തിരഞ്ഞെടുക്കുന്നതിനും വീണ്ടെടുക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനും ഈ വിവരങ്ങൾ സഹായിക്കും. പുനഃസംസ്കരിച്ച നിർമാണ സാമഗ്രികളുടെ ഉപയോഗം വർധിപ്പിക്കാനും നിർമാണ പദ്ധതികളുടെ കാർബൺ പാദമുദ്ര കുറയ്ക്കാനും ഇതിലൂടെ അവസരമൊരുങ്ങും.
റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് വില്ല നിർമിക്കാൻ പദ്ധതി
റോബോട്ടിക് നിർമാണ സംവിധാനങ്ങൾ ഉപയോഗിച്ച് ലോകത്തിലെ ആദ്യ വില്ല നിർമിക്കാനുള്ള പദ്ധതിയും മുനിസിപ്പാലിറ്റി അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള ആദ്യ പദ്ധതിയെന്നാണ് മുനിസിപ്പാലിറ്റി ഇതിനെ വിശേഷിപ്പിക്കുന്നത്.
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയിൽ 25ലധികം പ്രത്യേക വൈദഗ്ധ്യമുള്ള കമ്പനികൾക്കൊപ്പം പ്രാദേശിക, അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളും ഗവേഷണ കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
പാർപ്പിട നിർമാണത്തിൽ റോബോട്ടിക് സാങ്കേതികവിദ്യയുടെ പ്രായോഗിക സാധ്യതകൾ പരിശോധിക്കുകയാണ് ലക്ഷ്യം. നിർമാണക്ഷമത, ഗുണനിലവാരം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്താനുള്ള സാധ്യതകളും വിലയിരുത്തും.
എട്ട് മാസം നീളുന്ന നവീകരണ ചലഞ്ചിലൂടെയാണ് പദ്ധതി നടപ്പാക്കുക. തുടർന്ന് രണ്ട് മാസം ഫലങ്ങൾ രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി നീക്കിവെക്കും.
നിർമാണസ്ഥലം തന്നെ റോബോട്ടിക് സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്ന സജീവ പരീക്ഷണശാലയായി പ്രവർത്തിക്കും. കമ്പനികൾക്കും അക്കാദമിക സ്ഥാപനങ്ങൾക്കും പ്രായോഗിക ഗവേഷണം, സാങ്കേതിക വിലയിരുത്തൽ, അറിവ് കൈമാറ്റം എന്നിവയ്ക്കും ഇവിടെ അവസരമുണ്ടാകും.
അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താൻ ‘ഹെൽത്ത് ആൻഡ് സേഫ്റ്റി റഡാർ’
നിർമിതബുദ്ധി, ഭൂമിശാസ്ത്ര വിവര സംവിധാനം (ജിഐഎസ്), സ്ഥലാധിഷ്ഠിത വിശകലനം എന്നിവ സംയോജിപ്പിക്കുന്ന നിരീക്ഷണ പ്ലാറ്റ്ഫോമാണ് ‘ഹെൽത്ത് ആൻഡ് സേഫ്റ്റി റഡാർ’. ആരോഗ്യ–സുരക്ഷാ അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് സംവിധാനം.
ജല, വായു സംവിധാനങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കാവുന്ന അപകടസാധ്യതകൾ തിരിച്ചറിയാനും വിലയിരുത്താനും നിരീക്ഷിക്കാനും ഇത് സഹായിക്കും.
വിവിധ സ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും സാഹചര്യങ്ങൾ വിലയിരുത്താനും കൂടുതൽ ശ്രദ്ധ ആവശ്യമായ ഇടങ്ങൾ കണ്ടെത്തി പരിശോധനകൾക്ക് മുൻഗണന നൽകാനും പരിശോധനാ സംഘങ്ങൾക്ക് ഇതിലൂടെ സാധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അറിയിപ്പുകളും വേഗത്തിൽ വിലയിരുത്തി പ്രതികരിക്കാനും സംവിധാനം പിന്തുണ നൽകും.
ഇന്ററാക്ടീവ് മാപ്പുകളും സ്മാർട്ട് ഡാഷ്ബോർഡുകളും അപകടസാധ്യതകളുടെ സമഗ്രമായ സ്ഥലാധിഷ്ഠിത ചിത്രം നൽകും. പരിശോധനാ സംഘങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനവും അപകടസാധ്യത കൈകാര്യം ചെയ്യുന്നതിലെ പങ്കാളിത്തവും ഇതിലൂടെ ശക്തിപ്പെടുത്തും.
അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൂതന നിർമാണരീതികൾ എന്നിവയിലെ നിക്ഷേപത്തിലൂടെ നഗരസേവനങ്ങൾ മെച്ചപ്പെടുത്താനും വിഭവങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനും ദീർഘകാല നഗരസുസ്ഥിരത ഉറപ്പാക്കാനുമുള്ള സമീപനമാണ് വെറ്റെക്സിൽ ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിക്കുന്നത്.
