ദുബായ്, ഒക്ടോബർ 19, 2026 : ദുബായ് ഇൻവെസ്റ്റ്മെന്റ്സ് പാർക്കിന്റെ ഉടമസ്ഥരായ ഡിഐപി ഹോൾഡിങ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ (ഐപിഒ) കമ്പനിയുടെ 20 ശതമാനം ഓഹരികളാണ് വിപണിയിലെത്തിക്കുക.
നിലവിലെ ഏക ഓഹരിയുടമയായ ദുബായ് ഇൻവെസ്റ്റ്മെന്റ്സ് പിജെഎസ്സി കൈവശമുള്ള 173.52 കോടിയിലധികം ഓഹരികളാണ് വിൽക്കുന്നത്. നിലവിലുള്ള ഓഹരികളുടെ വിൽപ്പനയായതിനാൽ ഇതിലൂടെ ലഭിക്കുന്ന തുക ഡിഐപി ഹോൾഡിങ്ങിന് ലഭിക്കില്ല; വിൽപ്പന നടത്തുന്ന ദുബായ് ഇൻവെസ്റ്റ്മെന്റ്സിനാണ് ലഭിക്കുക.
അറിയിപ്പ് പ്രകാരം, 2026 ഒക്ടോബർ 27 മുതൽ നവംബർ 3 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 11ഓടെ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ഓഹരികൾ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി.
വിൽപ്പനയ്ക്കുള്ള ഓഹരികളിൽ 5 ശതമാനം വ്യക്തിഗത അപേക്ഷകരും മറ്റ് അർഹരായ നിക്ഷേപകരും ഉൾപ്പെടുന്ന വിഭാഗത്തിനും 92 ശതമാനം പ്രൊഫഷണൽ നിക്ഷേപകർക്കുമാണ് നീക്കിവെച്ചിരിക്കുന്നത്. ദുബായ് ഇൻവെസ്റ്റ്മെന്റ്സ് ഗ്രൂപ്പിലെ അർഹരായ ജീവനക്കാർക്ക് ഒരു ശതമാനവും അർഹരായ ഓഹരിയുടമകൾക്ക് രണ്ടു ശതമാനവും അനുവദിക്കും. ഓഹരിയുടമകളുടെ അർഹത നിർണയിക്കുന്ന റെക്കോർഡ് തീയതി ഒക്ടോബർ 28 ആണ്.
വ്യക്തിഗത അപേക്ഷകർ ഉൾപ്പെടുന്ന ആദ്യ വിഭാഗത്തിൽ പങ്കെടുക്കാൻ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിന്റെ സാധുവായ നാഷണൽ ഇൻവെസ്റ്റർ നമ്പർ (എൻഐഎൻ) ആവശ്യമാണ്. ബാധകമായ നിയമങ്ങൾക്കും ബന്ധപ്പെട്ട അനുമതികൾക്കും വിധേയമായി ഓഹരി വിൽപ്പനയുടെ വലുപ്പത്തിലും വിവിധ വിഭാഗങ്ങൾക്കുള്ള വിഹിതത്തിലും മാറ്റം വരുത്താം.
ഓഹരികളുടെ വിലപരിധി അപേക്ഷകൾ സ്വീകരിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കും. നിക്ഷേപകരിൽ നിന്നുള്ള ആവശ്യകത വിലയിരുത്തുന്ന ബുക്ക് ബിൽഡിങ് നടപടികൾ പൂർത്തിയായ ശേഷമായിരിക്കും അന്തിമ വില നിശ്ചയിക്കുക.
ജബൽ അലി തുറമുഖത്തിനും അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഇൻവെസ്റ്റ്മെന്റ്സ് പാർക്ക് 2.3 കോടി ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്നു. വ്യവസായം, ലോജിസ്റ്റിക്സ്, താമസം, വാണിജ്യം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.
കമ്പനിയുടെ കണക്കുകൾ പ്രകാരം, പാർക്കിൽ ഏകദേശം 1,000 വാടകക്കാരും 5,700 ഉപവാടക കരാറുകളും ഒന്നര ലക്ഷത്തിലധികം താമസക്കാരുമുണ്ട്. 2026 ജൂൺ 30ലെ കണക്കനുസരിച്ച് ഭൂമി പാട്ടത്തിന് നൽകിയതിന്റെ ഒക്യുപൻസി നിരക്ക് 99.9 ശതമാനമാണ്.
കാൽനൂറ്റാണ്ടിലേറെ നീണ്ട വളർച്ചയുടെ അടുത്ത ഘട്ടമാണ് ഓഹരി വിപണിയിലേക്കുള്ള പ്രവേശനമെന്ന് ഡിഐപി ഹോൾഡിങ് ചെയർമാൻ ഖാലിദ് ജാസിം ബിൻ കൽബാൻ പറഞ്ഞു. കമ്പനിയുടെ പ്രവർത്തനരീതിയുടെയും സ്ഥിരമായ വരുമാന അടിത്തറയുടെയും കരുത്ത് പ്രതിഫലിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഐപിഒയെന്ന് സിഇഒ ഒമർ അൽ മെസ്മാർ വ്യക്തമാക്കി.
