ദുബായ്, ഒക്ടോബർ 14,2026 : തൊഴിൽ വിപണിയുടെ നിലവിലെ സാഹചര്യം മനസ്സിലാക്കുന്നതിനും ഭാവിയിലെ തൊഴിൽ നയങ്ങൾ രൂപീകരിക്കുന്നതിനുമായി ദുബായ് ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റ് തൊഴിൽശക്തി സർവേ 2026 ആരംഭിച്ചു. ദുബായിലെ പൗരന്മാരും താമസക്കാരും ഉൾപ്പെടുന്ന 5,000 കുടുംബങ്ങളെയാണ് സർവേയിൽ ഉൾപ്പെടുത്തുന്നത്. തൊഴിൽ പങ്കാളിത്ത നിരക്ക്, തൊഴിൽ-തൊഴിലില്ലായ്മ നിരക്ക്, തൊഴിലാളികളുടെ തൊഴിൽ മേഖല, വിദ്യാഭ്യാസ യോഗ്യത, വിവിധ സാമ്പത്തിക മേഖലകളിലെ തൊഴിൽ പങ്കാളിത്തം തുടങ്ങിയ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുക. തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണം, ജോലി കണ്ടെത്തുന്നതിനായി അവർ സ്വീകരിക്കുന്ന മാർഗങ്ങൾ തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. തൊഴിൽ വിപണിയുടെ മാറിവരുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് നൈപുണ്യ വികസന പദ്ധതികളും നയങ്ങളും രൂപീകരിക്കാൻ ഈ വിവരങ്ങൾ സഹായിക്കും. ഫോൺ കോളുകൾ, ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശങ്ങൾ, അംഗീകൃത ഫീൽഡ് ഗവേഷകരുടെ നേരിട്ടുള്ള സന്ദർശനം തുടങ്ങിയ മാർഗങ്ങളിലൂടെയാണ് സർവേ നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ഉപയോഗിക്കുമെന്നും വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയും രഹസ്യാത്മകതയും ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
