ഷാർജ,ഒക്ടോബർ 14,2026 : ഷാർജ ഇസ്ലാമിക് ബാങ്ക് (SIB) 2026ലെ ആദ്യ ഒൻപത് മാസങ്ങളിൽ 1.2 ബില്യൺ ദിർഹം അറ്റാദായം രേഖപ്പെടുത്തി. 2025ലെ സമാന കാലയളവിലെ 1.1 ബില്യൺ ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ 9% വർധനയാണ് രേഖപ്പെടുത്തിയത്. ഇസ്ലാമിക് ധനസഹായവും സുകൂക് നിക്ഷേപങ്ങളും വഴി ലഭിച്ച വരുമാനം 11.7% ഉയർന്ന് 3.2 ബില്യൺ ദിർഹമായി. ബാങ്കിന്റെ ആകെ പ്രവർത്തന വരുമാനം 13.6% വർധിച്ച് 2.1 ബില്യൺ ദിർഹമായി. 2026 സെപ്റ്റംബർ അവസാനത്തോടെ ബാങ്കിന്റെ ആകെ ആസ്തി 100 ബില്യൺ ദിർഹമായി, 2025 അവസാനം ഇത് 90.3 ബില്യൺ ദിർഹമായിരുന്നു. ഇസ്ലാമിക് ധനസഹായ പോർട്ട്ഫോളിയോയും 18.9% വർധിച്ച് 54.1 ബില്യൺ ദിർഹമായി. ഉപഭോക്തൃ നിക്ഷേപങ്ങൾ 60.4 ബില്യൺ ദിർഹമായി ഉയർന്നു. അതേസമയം, ഓഹരിയുടമകളുടെ മൂലധനം 12.4 ബില്യൺ ദിർഹമായി വർധിച്ചു. രണ്ടാം പാദത്തിൽ പൂർത്തിയാക്കിയ അവകാശ ഓഹരി ഇഷ്യൂവിലൂടെ ബാങ്കിന്റെ മൂലധന അടിത്തറ കൂടുതൽ ശക്തിപ്പെട്ടതായും അധികൃതർ അറിയിച്ചു. ഇതോടെ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 2025 അവസാനം ഉണ്ടായിരുന്ന 16.17 ശതമാനത്തിൽ നിന്ന് 19.37 ശതമാനമായി ഉയർന്നു.
