ദുബായ് ,ഒക്ടോബർ 15,2026: ദുബായ് പോലീസിന്റെ ശിക്ഷാ-തിരുത്തൽ സ്ഥാപനങ്ങളിലെ തടവുകാർ ആറാമത് അന്താരാഷ്ട്ര തടവുകാരുടെ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഓൺലൈനായി നടന്ന മത്സരത്തിൽ 54 രാജ്യങ്ങളിൽനിന്നുള്ള 134 ടീമുകൾ പങ്കെടുത്തു. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ മേൽനോട്ടത്തിൽ ദുബായ് ചെസ് ആൻഡ് കൾച്ചർ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിന് അമേരിക്കയിലെ കുക്ക് കൗണ്ടിയാണ് ആതിഥേയത്വം വഹിച്ചത്. തടവുകാരുടെ പുനരധിവാസത്തോടുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയാണ് പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് ശിക്ഷാ-തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സുൽത്താൻ അബ്ദുല്ല അൽ ഒവൈസ് പറഞ്ഞു. തന്ത്രപരമായ ചിന്തയും മാനസിക അച്ചടക്കവും വളർത്താൻ ചെസ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാരെ സമൂഹത്തിലേക്ക് പുനഃസംയോജിപ്പിക്കുന്നതിന് വിദ്യാഭ്യാസ, കായിക പ്രവർത്തനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തടവുകാരുടെ വിദ്യാഭ്യാസ-പരിശീലന വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുല്ല അൽ ഒബൈദ്ലി പറഞ്ഞു. തടവുകാരുടെ പരിശീലനത്തിന് ദുബായ് പോലീസ് നൽകുന്ന പിന്തുണയെ ദുബായ് ചെസ് ആൻഡ് കൾച്ചർ ക്ലബ് സെക്രട്ടറി ജനറൽ സഈദ് യൂസഫ് ഷുക്രി പ്രശംസിച്ചു. ഇതിന്റെ ഭാഗമായി 2024ലെ നാലാം പതിപ്പിൽ ദുബായ് ടീമിന് ഒന്നാം സ്ഥാനം നേടാനായതായും അദ്ദേഹം പറഞ്ഞു.
