ദുബായ് , ഓഗസ്റ്റ് 22 2026 : വനിതാ ടി20 ഏഷ്യാ കപ്പ് 2026ന് ദുബായ് വേദിയാകുന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 13 വരെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ആദ്യമായാണ് യുഎഇയിൽ വനിതാ ടി20 ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും ഫ്ലഡ്ലൈറ്റിന് കീഴിലാണ് നടക്കുക.
15 അംഗ യുഎഇ ടീമിനെ ഈഷ ഒസ നയിക്കും. ആതിഥേയരായ യുഎഇ ഗ്രൂപ്പ് ബിയിലാണ്. മുൻ ചാമ്പ്യന്മാരായ ബംഗ്ലാദേശ്, ഇന്തോനേഷ്യ, നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഓഗസ്റ്റ് 29ന് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കെതിരെയാണ് യുഎഇയുടെ ആദ്യ മത്സരം. സെപ്റ്റംബർ നാലിന് ഇന്തോനേഷ്യയെയും സെപ്റ്റംബർ എട്ടിന് ബംഗ്ലാദേശിനെയും യുഎഇ നേരിടും.
വൈകിട്ട് 6.30ന് ആരംഭിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 10നും 11നുമാണ് സെമിഫൈനലുകൾ. സെപ്റ്റംബർ 13ന് ഫൈനൽ നടക്കും.
ജൂണിൽ മലേഷ്യയിൽ നടന്ന 2026 ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രീമിയർ വനിതാ കപ്പിലൂടെയാണ് യുഎഇയും തായ്ലൻഡും പ്രധാന ടൂർണമെന്റിലേക്ക് യോഗ്യത നേടിയത്. യുഎഇയുടെ ആതിഥേയത്വം രാജ്യത്തെ വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് കൂടുതൽ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.
