ദുബായ് ,ഓഗസ്റ്റ് 22 2026 : പൈതൃക സംരക്ഷണത്തിനും പുരാതന അറബി കൈയെഴുത്തുപ്രതികളുടെ ഡിജിറ്റലൈസേഷനും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും സഹായം പ്രയോജനപ്പെടുത്താനുള്ള
സാധ്യതകൾ ചർച്ച ചെയ്ത് ദുബായ് .
ദുബായിലെ ജുമാ അൽ മജിദ് സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജും അറബ് ലീഗിന് കീഴിലുള്ള അറബ് ഓർഗനൈസേഷൻ ഫോർ അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റും ചേർന്നാണ് ഓൺലൈൻ ശാസ്ത്രീയ സെഷൻ സംഘടിപ്പിച്ചത്. ഓർമയിൽ നിന്ന് ഭാവിയിലേക്ക്: പൈതൃക സംരക്ഷണത്തിൽ എഐയും ഡിജിറ്റൽ പരിവർത്തനവും ‘എന്ന വിഷയത്തിലായിരുന്നു സെഷൻ.
നവീകരണം, ഡിജിറ്റൽ പരിവർത്തനം, എഐ സംയോജനം എന്നിവയിൽ വിദഗ്ധനായ ഡോ. മുഹമ്മദ് ഖലീഫയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറബിക് മാനുസ്ക്രിപ്റ്റ്സിലെ ഗവേഷകൻ അബ്ദുൽ അസീം സഖറും സെഷനിൽ സംസാരിച്ചു.
പൈതൃക വസ്തുക്കൾ ഡിജിറ്റലായി സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അവയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും പഠനത്തിനും ഗവേഷണത്തിനും ഉപയോഗിക്കാനും കഴിയുന്ന സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന് ഡോ. മുഹമ്മദ് ഖലീഫ പറഞ്ഞു. എഐ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഇമ്മേഴ്സീവ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് പൈതൃകത്തെ അടിസ്ഥാനമാക്കി പുതിയ അനുഭവങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബി കൈയെഴുത്തുപ്രതികൾ എഐയുടെ സഹായത്തോടെ തിരിച്ചറിയുകയും തരംതിരിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്ന രീതികളും അബ്ദുൽ അസീം സഖർ അവതരിപ്പിച്ചു.
പൈതൃക സംരക്ഷണ രംഗത്തെ ഗവേഷകരും വിദഗ്ധരും പ്രൊഫഷണലുകളും പങ്കെടുത്ത സെഷനിൽ, എഐയുടെ സഹായത്തോടെ പൈതൃകം സംരക്ഷിക്കുകയും വരും തലമുറകൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള സാധ്യതകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
