ദുബായ്,സെപ്റ്റംബർ 18,2026 : പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ സ്വീഡൻ തേടിക്കൊണ്ടിരുന്ന അന്താരാഷ്ട്ര കുറ്റവാളി യുഎഇയിൽ അറസ്റ്റിൽ. സ്വീഡൻ സ്വദേശിയായ അന്താരാഷ്ട്ര സംഘത്തലവനെയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം സ്വീഡിഷ് അധികൃതരുമായി സഹകരിച്ച് പിടികൂടിയത്. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാൾക്കെതിരായ അന്വേഷണം. ഇയാൾ സ്വീഡനിൽനിന്ന് രക്ഷപ്പെട്ട് യുഎഇയിലെത്തിയതായാണ് വിവരം. ഇയാളെ പിടികൂടിയ സമയത്ത് സ്വീഡനിൽ സംഘത്തിലെ ആറ് അംഗങ്ങളെയും അധികൃതർ അറസ്റ്റ് ചെയ്തു. പത്ത് മാസത്തിനിടെ സംഘം ഏകദേശം 70 മില്യൺ സ്വീഡിഷ് ക്രോണ ഏകദേശം 26.5 മില്യൺ ദിർഹം കൈകാര്യം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം പണമായി കൈമാറുകയും മറ്റ് കുറ്റവാളികളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പണത്തിന്റെ മൂല്യം കൈമാറുന്നതിനും ക്രിപ്റ്റോകറൻസി ഉപയോഗിച്ചതായി കണ്ടെത്തി. ക്രിപ്റ്റോകറൻസി ഇടപാടുകൾ പിന്തുടർന്നതും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതും സംഘടിത കുറ്റകൃത്യങ്ങളും കരാർ കൊലപാതകങ്ങളും ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങളിലേക്കുള്ള സാമ്പത്തിക ബന്ധങ്ങൾ കണ്ടെത്താൻ സഹായിച്ചു.
യുഎഇയും സ്വീഡിഷ് അധികൃതരും തമ്മിലുള്ള നേരിട്ടുള്ള സുരക്ഷാ സഹകരണവും രഹസ്യവിവര കൈമാറ്റവുമാണ് നടപടിക്ക് സഹായകമായത്. വിശദമായ അന്വേഷണത്തിനും നിരീക്ഷണത്തിനും പിന്നാലെയാണ് സംഘത്തലവന്റെ യുഎഇയിലെ സാന്നിധ്യം കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളെ പിന്തുടരുന്നതിലും അവയുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിലും യുഎഇയും സ്വീഡനും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ പ്രാധാന്യമാണ് നടപടി വ്യക്തമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ക്രിമിനൽ പൊലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ അഹമ്മദ് പറഞ്ഞു. യുഎഇ അധികൃതരുമായി നടത്തിയ അടുത്തതും ഫലപ്രദവുമായ സഹകരണമാണ് കേസിൽ വിജയകരമായ നടപടി സാധ്യമാക്കിയതെന്ന് സ്വീഡിഷ് പൊലീസ് അതോറിറ്റിയിലെ അന്താരാഷ്ട്ര വിഭാഗം മേധാവി ആൻഡേഴ്സ് വൈബർഗ് പറഞ്ഞു.
