ഷാർജ , സെപ്റ്റംബർ 2,2026 : സർഗാത്മകതയും സാങ്കേതികവിദ്യയും കൈകോർത്ത വേനൽക്കാല ക്യാംപുമായി ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡം.
ക്യാംപിന്റെ ഭാഗമായി നടന്ന രണ്ട് വ്യത്യസ്ത പരിശീലനങ്ങളിൽ 75 കുട്ടികൾ പങ്കെടുത്തു.
‘മേക്ക് യുവർ ഓൺ സമ്മർ ക്രോഷെ ബാഗ്’ വർക്ക്ഷോപ്പിൽ കുട്ടികൾ ക്രോഷെയുടെ അടിസ്ഥാന രീതികളും ബാഗ് നിർമാണവും പഠിച്ചു. ഉപേക്ഷിച്ച ടി-ഷർട്ടുകളിൽനിന്ന് തയ്യാറാക്കിയ നൂൽ ഉപയോഗിച്ചായിരുന്നു ബാഗ് നിർമാണം. ഇഷ്ടമുള്ള നിറങ്ങളും ഡിസൈനുകളും തിരഞ്ഞെടുത്ത് കുട്ടികൾ സ്വന്തം ബാഗുകൾ തയ്യാറാക്കി.
പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉൽപന്നങ്ങൾ എങ്ങനെ തയ്യാറാക്കാമെന്നും വർക്ക്ഷോപ്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. അൽ ജസാരി ഫാബ്ലാബിൽ നടന്ന ‘എലൈറ്റ് എൻജിനീയർ സമ്മർ ക്യാംപ്’ വിദ്യാർഥികൾക്ക് സാങ്കേതിക അറിവുകൾ പ്രായോഗികമായി പരിചയപ്പെടാനുള്ള അവസരമായി. ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കൽ, ചെറിയ അറ്റകുറ്റപ്പണികൾ, സാങ്കേതിക രേഖകൾ വായിക്കൽ എന്നിവയിൽ പരിശീലനം നൽകി.
നിർമാണം, ഇലക്ട്രിക്കൽ ജോലികൾ, വാഹന പരിപാലനം തുടങ്ങിയ മേഖലകളുടെ അടിസ്ഥാന കാര്യങ്ങളും വിദ്യാർഥികൾ പഠിച്ചു. സ്വന്തം ആശയങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും പൊതുവേദിയിൽ സംസാരിക്കാനുമുള്ള പരിശീലനവും ക്യാംപിന്റെ ഭാഗമായി നൽകി.
സർഗാത്മകതയ്ക്കൊപ്പം പ്രായോഗികവും സാങ്കേതികവുമായ കഴിവുകൾ വളർത്തുകയാണ് ക്യാംപിലൂടെ ലക്ഷ്യമിട്ടത്.
